അമ്പലത്തറ: നഗര റോഡുകള്‍ കുത്തിപ്പൊളിച്ചതോടെ യാത്ര ദുരിതം. മഴകനത്തതോടെ റോഡുകളിൽ അപകടത്തില്‍ പെടുന്നത് പതിവാകുന്നു. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ വീണ് പരിക്കേല്‍ക്കുന്നത് നിത്യകാഴ്ചയാണ്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നവീകരണത്തിനായിട്ടാണ് നഗരത്തിന്‍റെ വിവിധയിടങ്ങളിലായി 17 കിലോമീറ്ററോളം റോഡ് കുത്തിപ്പൊളിച്ചത്. ചിലയിടങ്ങളിൽ റബറൈസ് ചെയ്ത പാളി നീക്കം ചെയ്യുന്നതിനാണ് (മില്ലിങ്) റോഡുകള്‍ പൊളിച്ചത്.
മഴപെയ്തതോടെ കുഴിഞ്ഞുകിടക്കുന്ന റോഡില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ തുടങ്ങിയത് ദുരിതം ഇരട്ടിയാക്കി. മഴ മാറി ദിവസങ്ങളോളം കഴിഞ്ഞാല്‍ മാത്രമേ തുടര്‍ന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയൂ. നഗരപാത വികസന പദ്ധതിയുടെ ഭാഗമായ തിരുവനന്തപുരം റോഡ് ഡെവലപ്മെന്‍റ് കമ്പനി ലിമിറ്റഡിന്‍റെ റോഡുകളാണ് നവീകരണത്തിന്‍റെ പേരില്‍ ദുരിതമായി മാറുന്നത്.
2007ല്‍ പണി തീര്‍ത്ത് ഗതാഗതത്തിനായി തുറന്ന റോഡുകളില്‍ ബില്‍ഡ് ഓപറേറ്റ് പ്രകാരം ട്രാന്‍സ്ഫര്‍ വ്യവസ്ഥപ്രകാരം നവീകരണം ജൂലൈയോടെ പൂര്‍ത്തിയാകേണ്ടതാണ്. ആദ്യഘട്ടത്തില്‍ പണി പൂര്‍ത്തിയാക്കിയ ശേഷം റോഡുകള്‍ 15 വര്‍ഷം പിന്നിടുമ്പോള്‍ ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കി തിരികെ നല്‍കണമെന്നാണ് ബി.ഒ.ടി കരാര്‍.