ലണ്ടൻ: ഇന്ത്യയിൽനിന്ന് ഗോതമ്പ് കയറ്റുമതി നിരോധിച്ചതോടെ ലോകമെമ്പാടും ഗോതമ്പ് വിലയിൽ പൊള്ളുന്ന കുതിപ്പ്. ടണ്ണിന് 453 ഡോളർ (35,256 രൂപ) എന്ന നിരക്കിലായിരുന്നു തിങ്കളാഴ്ച വ്യാപാരം നടന്നത്. വരും നാളുകളിൽ വില ഇനിയും ഉയരുമെന്ന ആശങ്കയുണ്ട്. യുക്രെയ്നിൽ റഷ്യൻ അധിനിവേശത്തെ തുടർന്ന് ആഴ്ചകളായി വില കുതിക്കുകയാണ്.
ലോക വിപണിയിൽ 12 ശതമാനം ഗോതമ്പും എത്തിയിരുന്നത് യുക്രെയ്നിൽനിന്നായിരുന്നു. അത് നിലച്ചതിനൊപ്പം ഇന്ത്യയിൽ കൂടി വിലക്കുവീണതാണ് പുതിയ തിരിച്ചടിയാകുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉൽപാദക രാജ്യമാണ് ഇന്ത്യ.