പത്തനംതിട്ട : ജില്ലയിൽ ഞായറാഴ്ച ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപകമായി മഴ പെയ്തില്ല. ചില പ്രദേശങ്ങളിൽ മാത്രമാണ് ശക്തമായ മഴ ലഭിച്ചത്. തിങ്കളാഴ്ചയും ജില്ലയിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. നദികളിൽ എവിടെയും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടില്ല. എന്നാൽ വനപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. അതിനാൽ നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. ശബരിമല തീർഥാടനം സുഗമമായി നടക്കുന്നു. പമ്പയിലെ ജലനിരപ്പ് സാധാരണപോലെ തുടരുന്നു.
ശനിയാഴ്ച രാവിലെ എട്ടു മുതൽ ഞായറാഴ്ച രാവിലെ എട്ടരവരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ ശക്തമായ മഴയാണ് ലഭിച്ചത്. ശരാശരി 90 മില്ലി മീറ്റർ. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ജില്ലയിൽ ഒരു ദിവസം ലഭിക്കുന്ന ഏറ്റവും കൂടുതൽ മഴയാണിത്. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് മഴ ഇത്തരത്തിൽ ലഭിക്കുന്നതെന്നും ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു വരികയാണെന്നും കാലാവസ്ഥാ നിരീക്ഷണ അധികൃതർ പറഞ്ഞു. കാലവർഷം സംസ്ഥാനത്ത് 27ന് അടുത്താകും തുടങ്ങുക. മഴ ശക്തമായാൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ സ്വീകരിച്ചു വരുന്നു. അത്യാവശ്യഘട്ടത്തിൽ സജ്ജീകരിക്കേണ്ട ക്യാമ്പുകൾ സംബന്ധിച്ച് എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.