കൊച്ചി : പനമ്പിള്ളി നഗറിൽ വീട് വാടകയ്ക്കെടുത്ത് ചന്ദനത്തടിക്കച്ചവടം നടത്തിയ അഞ്ചുപേർ പിടിയിൽ. 92 കിലോ ചന്ദനത്തടികളും പിടിച്ചെടുത്തു. ഇടുക്കി സ്വദേശികളായ തൊടുപുഴ മുതുപ്ലാക്കൽ സാജു സെബാസ്റ്റ്യൻ, അടിമാലി വെള്ളാപ്പിള്ളി നിഷാദ്, കുരങ്ങാട്ടി കൂട്ടലാനിക്കൽ കെ ജി സാജൻ, ആനവിരട്ടി കാടയം റോയി, കോഴിക്കോട് സ്വദേശി കൂടത്തായ് പുളിക്കൽ സിനു തോമസ് എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചന്ദനത്തടി വാങ്ങാനെന്ന വ്യാജേന എത്തിയാണ് എറണാകുളം ഫോറസ്റ്റ് ഇന്റലിജൻസ് പ്രതികളെ കുടുക്കിയത്.
കണ്ടെടുത്ത ചന്ദനത്തടിക്ക് 10 ലക്ഷം രൂപയിലേറെ വിലവരും. ചന്ദനം തൂക്കിവിൽക്കാനുള്ള ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു. രണ്ടുമാസം മുമ്പാണ് മരപ്പണിക്കാർ എന്ന പേരിൽ ഇവർ പനമ്പിള്ളി നഗറിൽ വീട് വാടകയ്ക്കെടുത്തത്. ഇടുക്കിയിലെ വ്യക്തിയുടെ പുരയിടത്തിൽനിന്നാണ് ചന്ദനം വെട്ടിയെടുത്തതെന്ന് പ്രതികൾ പറഞ്ഞു. മറ്റു മരത്തടികൾക്കൊപ്പം ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ ഭാഗമായാണ് ഫോറസ്റ്റ് ഇന്റലിജൻസ് പരിശോധന നടത്തിയത്. വിൽപ്പനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. എറണാകുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ ടി ഉദയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ കോടനാട് റേഞ്ചിലെ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറി. ചോദ്യംചെയ്തശേഷം കോടതിയിൽ ഹാജരാക്കും.