കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റിൽ. തെളിവ് നശിപ്പിച്ചതിനാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്.
ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടൽസ് ഉടമയുമാണ് ശരത്. കേസിലെ വിഐപി ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ദിലീപ് കേസിൽ അറസ്റ്റിലാകുമ്പോൾ ദിലീപിനൊപ്പം തന്നെ ഉണ്ടായിരുന്ന വ്യക്തിയാണ്.
ദിലീപിന്‍റെ ബന്ധു സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖ നേരത്തെ പുറത്ത് വന്നിരുന്നു. കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സഹോദരി ഭർത്താവ് സുരാജ് പറയുന്നത്. വധ ഗൂഡാലോചന കേസിലെ വിഐപി എന്നറിയിപ്പെടുന്ന പ്രതി ശരത്തുമായി നടത്തിയതാണ് ഈ നിർണ്ണായക സംഭാഷണം. സുരാജിന്‍റെ ഫോണിൽ നിന്നും നശിപ്പിച്ച ശബ്ദരേഖ ഫൊറൻസിക് പരിശോധനയിലാണ് വീണ്ടെടുത്ത്.
നടിയെ ആക്രമിച്ച കേസിൽ തുരരന്വേഷണത്തിനുള്ള സമയം നീട്ടമമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉള്‍പ്പെടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ നൽകിയത്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകരെ പ്രതിചേർക്കും. ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ അഭിഭാഷകരായ ഫിലിപ്പ് വർഗീസ്, സുജേഷ് എന്നിവരെയാണ് പ്രതിചേർക്കുക. തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ ശ്രമിച്ചെന്ന് സൈബർ വിദഗ്‌ധൻ സായ് ശങ്കർ മൊഴി നൽകിയിരുന്നു.
വിവരങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ലാപ്‌ടോപ്പും ഐ മാക്കും ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ ഓഫീസിലാണെന്നും സായ് ശങ്കർ പറഞ്ഞിരുന്നു. ഫോൺവിവരങ്ങൾ നശിപ്പിച്ചത് കൊച്ചിയിലെ ആഡംബരഹോട്ടലിലും രാമൻപിള്ളയുടെ ഓഫീസിലുംവച്ചാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 12 നമ്പറുകളിൽനിന്നുള്ള വാട്‌സാപ് ചാറ്റുകളും ശബ്ദസന്ദേശങ്ങളുമാണ് നീക്കിയത്. കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ അഭിഭാഷകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും.