തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്‍റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നു മന്ത്രി വീണ ജോർജ്ജ്. തനിക്ക് ഒരുപാട് ഉത്തരവാദിത്വമുണ്ടെന്നും ആരോഗ്യ സംരക്ഷണ കാര്യങ്ങളിലാണ് ശ്രദ്ധയെന്നും മന്ത്രി പറഞ്ഞു. കാലവർഷം അടുത്തിരിക്കെ പകർച്ച വ്യാധികൾക്കെതിരെ ജാഗ്രത വേണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
കേരളം ആരോഗ്യ സംരക്ഷണത്തിൽ ഒന്നാമത് തന്നെയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മന്ത്രി വീണ ജോർജ് മറുപടി നൽകി. സ്ത്രീ സുരക്ഷയിൽ മുഖം നോക്കാതെ നടപടിയുണ്ടാകും. ഹോട്ടലുകളുടെ ഗ്രേഡിംഗ് മാനദണ്ഡത്തിൽ സർക്കുലർ ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഡെങ്കിപ്പനിയും എലിപ്പനിയും സൂക്ഷിച്ചില്ലെങ്കിൽ കൂടാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഉറവിട മാലിന്യ നശീകരണം തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്നുണ്ട്. പനിക്ക് സ്വയം ചികിത്സ പാടില്ല. എല്ലാ സർക്കാർ ആശുപത്രികളിലും പ്രത്യക ചികിത്സ കേന്ദ്രങ്ങൾ വേണം. എല്ലാവരും എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണം, മണ്ണുമായോ ജലവുമായോ ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ പ്രതിരോധ മരുന്ന് കഴിക്കണം. വീട്ടിനുള്ളിൽ കൊതുക് വളരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.