കൊച്ചി: സിൽവർ ലൈൻ അതിരടയാള കല്ലിടൽ പൂർണ്ണമായി നിർത്തിയിട്ടില്ലെന്ന് റവന്യുമന്ത്രി കെ രാജൻ. സ്ഥലം ഉടമയുടെ അനുമതിയുണ്ടെങ്കിൽ സിൽവർ ലൈൻ അതിരടയാള കല്ലിടാം. ജിയോ ടാഗ് സംവിധാനം ഉപയോഗിച്ചും അടയാളമിടാമെന്ന് മന്ത്രി വ്യക്തമാക്കി. ഉത്തരവ് സാങ്കേതികം മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തർക്കമില്ലാത്ത സ്ഥലങ്ങളിൽ കല്ലിടാനും, അല്ലാത്ത സ്ഥലങ്ങളിൽ മാർക്ക് ചെയ്ത് സർവേ നടത്താനും, മറ്റിടങ്ങളിൽ ജിയോ ടാഗ് സംവിധാനങ്ങൾ ഏർപ്പെടുത്താനുമുള്ള നിർദേശമാണ് കെ-റെയിൽ മുന്നോട്ട് വെച്ചതെന്നും മൂന്നിനും അംഗീകാരം നല്‍കുകയായിരുന്നെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സാമൂഹികാഘാത പഠനത്തിന്റെ വേഗം വര്‍ധിപ്പിക്കാനായി കെ-റെയിൽ മൂന്ന് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. അതിൽ ഒന്ന് തർക്കമില്ലാത്ത ഭൂമിയിൽ കല്ലിടണം എന്നാണ്. രണ്ട്, കല്ലിടുന്നതിന് പുറമെ ഏതെങ്കിലും സ്ഥാവര ജംഗമ വസ്തുവിൽ മാർക്ക് ചെയ്ത് അടയാളപ്പെടുത്താനുള്ള അവസരം നൽകണം. മൂന്നാമത്തേത് ജിയോ ടാഗിങ് നടത്താനുള്ള അവസരം വേണം എന്നാണ് ഏജൻസി ആവശ്യപ്പെട്ടത്. ഇതിനെത്തുടർന്ന് സാമൂഹികാഘാത പഠനത്തിന്റെ വേഗം വർധിപ്പിക്കുന്നതിന് വേണ്ടി ഈ മൂന്ന് വഴികളിൽ കൂടിയും അതിരടയാളം രേഖപ്പെടുത്തി സാമൂഹികാഘാത പഠനം നടത്താവുന്നതാണ് എന്ന അനുമതിയാണ് കൊടുത്തിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ പദ്ധതിക്കായി നിര്‍ബന്ധിതമായി അതിരടയാള കല്ലിടുന്നതാണ് സര്‍ക്കാര്‍ അവസാനിപ്പിച്ചത്. സാമൂഹിക ആഘാത പഠനത്തിനായി ഇനി മുതല്‍ ജിപിഎസ് സംവിധാനവും ഉപയോഗിക്കും. ഇതുവ്യക്തമാക്കി റവന്യുവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും പറഞ്ഞു. ഏതെങ്കിലും രീതിയിൽ സർക്കാർ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല. സർവേ രീതി മാറിയാൽ പ്രതിപക്ഷം സഹകരിക്കുമോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല പുതിയ തീരുമാനമെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.