സിൽവർലെെനിന് ബദൽ പദ്ധതിയുമായി മെട്രോമാൻ ഇ ശ്രീധരൻ. റെയിൽപാത വികസനത്തിലൂടെ വേഗത്തിലുള്ള യാത്ര സാധ്യമാകുമെന്ന നിർദ്ദേശമാണ് ഇ ശ്രീധരൻ മുന്നോട്ടു വയ്ക്കുന്നത്. കുടിയൊഴിപ്പിക്കലും സ്ഥലമേറ്റെടുക്കലുമില്ലാതെ സിൽവർ ലൈനിന് ബദൽ പദ്ധതിയെന്ന നിലയിൽ ഇതിനെ അവതരിപ്പിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്ക് പണച്ചെലവും വളരെ കുറച്ചുമതിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്തിന് യോജിച്ച പദ്ധതിയല്ല സിൽവർ ലൈനെന്നുള്ള നിലപാടിലായിരുന്നു ആദ്യം മുതൽ മെട്രോമാൻ . ഈ പദ്ധതി സർക്കാർ പറയുന്ന സമയവും പണവും കൊണ്ട് നടപ്പാക്കാനാകില്ലെന്നും സിൽവർലെെൻ പദ്ധതി പ്രകാരം ചൂണ്ടിക്കാണിക്കുന്ന വേഗതയിൽ ട്രയിൻ ഓടിച്ചാൽ വലിയ അപകടം സംഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു.
പൊതുജനങ്ങളിലും ജനപ്രതിനിധികളിൽ നിന്നും അഭിപ്രായം സ്വീകരിച്ച ശേഷം പദ്ധതി കേന്ദ്രത്തിന് മുന്നിൽ സമർപ്പിക്കാനാണ് ഇ ശ്രീധരന്റെ നീക്കം .നിലവിലെ റെയിൽപാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിൻ യാത്ര സാദ്ധ്യമാകുമെന്നുള്ളതാണ് ബദൽ പദ്ധതിയുടെ മേന്‍മ.പൊന്നാനിയിൽ കേന്ദ്രമന്ത്രി വി മുരളീധരനുമായി നടത്തിയ കൂടികാഴ്‌ച്ചക്ക് ശേഷമായിരുന്നു ബദൽ പദ്ധതിയെക്കുറിച്ച് മെട്രോമാൻ വ്യക്തമാക്കിയത്.
രണ്ടുഘട്ടമായാണ് ഈ പദ്ധതി നടപ്പിലാക്കേണ്ടത് . ഹ്രസ്വകാല, ദീർഘകാല പദ്ധതികളാണ് നടപ്പാക്കുന്നത്. റോഡിലെ തിരക്ക് കുറയ്ക്കാനായി ആദ്യം ഹ്രസ്വകാല പദ്ധതി നടപ്പിലാക്കുകയാണ് ആദ്യഘട്ടം. ഇതിലൂടെ രണ്ടുലക്ഷത്തോളം പേരെ ട്രെയിൻ യാത്രക്കാരാക്കി മാറ്റാൻ കഴിയും.ഹ്രസ്വകാല പദ്ധതിയുടെ പൂർത്തീകരണത്തിനു ശേഷം ദീർഘകാല പദ്ധതി നടപ്പാക്കാം. ഇന്ത്യൻ റെയിൽവേ പിന്തുടരുന്ന നിലവിലെ ഓപ്പറേഷൻ രീതി, സിഗ്നലിംഗ് സംവിധാനം തുടങ്ങിയവയിൽ ഈ ഘട്ടത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇത് പൂർണമായി നടപ്പാക്കാൻ സിൽവർ ലൈൻ നടപ്പിലാക്കുന്നതിനെക്കാൾ കുറഞ്ഞ സമയവും ചെലവും മതിയെന്നും മെട്രോമാൻ ചൂണ്ടിക്കാട്ടുന്നുണ്ട്.