വാരാണസിയിലെ ഗ്യാൻവാപി മസ്‍ജിദിലെ നിലവറ അടച്ച് സീൽ വയ്ക്കാൻ ഉത്തരവ്. സർവേ നടത്തിയ അഡ്വക്കേറ്റ് കമ്മീഷണർമാർ മസ്‍ജിദിലെ നിലവറയിൽ ശിവലിംഗം കണ്ടെത്തിയതായി അറിയിച്ച പശ്ചാത്തലത്തിലാണ് സീൽ വയ്ക്കാൻ ഉത്തരവിട്ടത്. നിലവറയ്ക്ക് സിആർപിഎഫ് സുരക്ഷ ഒരുക്കാനും മസ്‍ജിദിന്റെ ഈ ഭാഗത്ത് ഇരുപതിൽ കൂടുതൽ പേരെ നമാസ് നടത്താൻ അനുവദിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. നാളെ റിപ്പോർട്ട് പരിഗണിച്ച ശേഷം കോടതി തുടർ നടപടി തീരുമാനിക്കും.
ഇന്ന് സർവേ പൂർത്തിയായ ശേഷമാണ് ശിവലിംഗം കണ്ടെത്തി എന്ന വിവരം അഭിഭാഷകർ കോടതിയെ അറിയിച്ചത്. ഇതിനിടെ സർവേയ്ക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കും. സർവേ തടയണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്.
ഗ്യാൻവാപി മസ്‍ജിദ് പരിസരത്ത് ഹിന്ദു വിഗ്രഹങ്ങളുണ്ടോയെന്ന് കണ്ടെത്താനുള്ള സർവേ തുടരാൻ കോടതി നേരത്തെ അനുവാദം നല്‍കിയിരുന്നു. സർവേ നടത്തുന്ന അഡ്വക്കേറ്റ് കമ്മീഷണറെ മാറ്റണമെന്ന അപേക്ഷ തള്ളിയായിരുന്ന വാരാണസി കോടതിയുടെ നിർദേശം. രണ്ട് കമ്മീഷണർമാരെ കൂടി നിയമിക്കുകയും സർവേക്ക് സംരക്ഷണം നല്‍കാന്‍ യുപി പൊലീസിന് കോടതി നിർദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള ഗ്യാൻവാപി മസ്‍ജിദിന്‍റെ പടിഞ്ഞാറേ മതിലിനോട് ചേർന്നുള്ള വിഗ്രഹങ്ങളിൽ പ്രാർത്ഥന നടത്താൻ അഞ്ച് സ്ത്രീകളാണ് കോടതിയിൽ അപേക്ഷ നല്‍കിയത്.