ഭൂമിയിടപാട് കേസില്‍ കൊച്ചി സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ ഹാജരാവില്ല. കോടതിയിൽ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സഭയുടെ സുപ്രധാന ചുമതല വഹിക്കുന്നതിനാല്‍ ഒഴിവാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഈ ആവശ്യം കോടതി ഇന്ന് പരിഗണിക്കും.എറണാകുളം തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയില്‍ രാവിലെ 11 ന് എത്താനായിരുന്നു നിർദേശം നൽകിയിരുന്നത്. കേസിന്റെ സ്വഭാവമനുസരിച്ച് നേരിട്ട് ഹാജരാവേണ്ട സാഹചര്യമില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
എന്നാൽ കര്‍ദിനാളിന്റെ ആവശ്യം പരിഗണിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരും കോടതിയെ സമീപിച്ചിട്ടുണ്ട്. കര്‍ദിനാളിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും വിദേശ രാജ്യങ്ങളിലടക്കം സ്ഥിരമായി പോവുന്നുണ്ടെന്നുമാണ് പരാതിക്കാര്‍ പറയുന്നത്. മാത്രമല്ല കോടതിയില്‍ നിന്നും നാല് കിലോ മീറ്റര്‍ മാത്രം അകലെ മാത്രമാണ് കര്‍ദിനാള്‍ താമസിക്കുന്നതെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്നും ആരോപണങ്ങളും സംശയങ്ങളും സഭയ്ക്കുള്ളില്‍ തന്നെ പരിഹരിക്കുമെന്നും അതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നേരത്തെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് രംഗത്തുവന്ന കെസിബിസിയുടെ പ്രസ്താവനയിൽ അറിയിച്ചത്.