ശബരിമലയിലെ പതിനെട്ടാംപടിക്കു മുകളിൽ ഹൈഡ്രോളിക് മേൽക്കൂര 3 മാസത്തിനകം പൂർത്തിയാകും. ഇത് യാഥാർഥ്യമാകുന്നതോടെ പടിപൂജക്ക് മഴ തടസമാകുന്നത് ഒഴിവാക്കാൻ കഴിയും. ഹൈദരാബാദ് ആസ്ഥാനമായ വിശ്വ സമുദ്ര കൺസ്ട്രക്‌ഷൻ കമ്പനി 70 ലക്ഷം രൂപ മുടക്കി വഴിപാടായാണ് ഇതു നിർമിച്ചു ദേവസ്വം ബോർഡിനു കൈമാറുന്നത്.ചെന്നൈ ആസ്ഥാനമായ ക്യാപ്പിറ്റൽ എൻജിനീയറിങ് കൺസൽറ്റൻസിയാണ് ഇതിന്റെ ഡിസൈൻ തയ്യാറാക്കിയത്‍.
ആവശ്യമുള്ളപ്പോൾ മേൽക്കൂരയായും അല്ലാത്ത സമയം ഇരുവശങ്ങളിലേക്കു മടക്കിയും വയ്ക്കാവുന്ന വിധത്തിലുള്ളതുമാണ് ഡിസൈൻ. നിർമാണത്തിനു കോടതിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.പ്രത്യേക പൂജകളോടെ നാളെ രാവിലെ 7 നു ഇതിന്റെ നിർമാണം ആരംഭിക്കും. പതിനെട്ടാംപടിക്കു മുൻവശത്തെ കരിങ്കല്ലുകൾ മാറ്റി ഗ്രാനൈറ്റിടും.
മഴയുള്ളപ്പോൾ ടാർപോളിൻ കെട്ടിയാണു പൂജ നടന്നിരുന്നത്. നേരത്തെ കണ്ണാടി മേൽക്കൂര ഉണ്ടായിരുന്നെങ്കിലും ദേവപ്രശ്നത്തിൽ സൂര്യപ്രകാശം കൊടിമരത്തിൽ നേരിട്ടു പതിക്കുന്നില്ലെന്നു കണ്ടതിനെ തുടർന്ന് പൊളിച്ചു മാറ്റുകയായിരുന്നു.സാമ്പത്തിക പ്രതിസന്ധി കാരണം മേൽക്കൂര നിർമാണത്തിനു ദേവസ്വം ബോർഡ് സ്പോൺസർമാരെ തേടിയിരുന്നു. ഇതിനു നിയോഗിച്ച കോ ഓർഡിനേറ്റർ കെ.റെജി കുമാർ വിശ്വ സമുദ്ര കൺസ്ട്രക്‌ഷൻ കമ്പനി വൈസ് പ്രസിഡന്റ് രാമയ്യയെ സന്നിധാനത്തെത്തിച്ചു. തുടർന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, അംഗങ്ങളായ മനോജ് ചരളേൽ, പി.എം.തങ്കപ്പൻ, ചീഫ് എൻജിനീയർ (ജനറൽ) ജി.കൃഷ്ണകുമാർ, ചീഫ് എൻജിനീയർ (ശബരിമല പ്രോജക്ട്) ആർ.അജിത്കുമാർ എന്നിവരുമായി ചർച്ച നടത്തി കരാറിൽ ഒപ്പു വച്ചു.