മലപ്പുറം: സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനും വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടും ഗാർഹികപീഡന പരാതികൾ ജില്ലയിൽ കുറയുന്നില്ല. സ്ത്രീകൾക്കെതിരായ മറ്റ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾക്ക് നേരിയ കുറവുണ്ടാകുമ്പോഴാണ് ഗാർഹികപീഡന പരാതികൾ കൂടുന്നത്.
ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മാത്രം 649 കേസാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. മുമ്പ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത് 2011, 2012, 2013 വർഷങ്ങളിലായിരുന്നു. പിന്നീട് പൊലീസിന് മുന്നിലെത്തുന്ന ഇത്തരം കേസുകളിൽ കുറവുണ്ടായി. 2021ൽ ഇത്തരത്തിലെ 458 കേസാണ് രജിസ്റ്റർ ചെയ്തത്. കോടതി മുഖേനയുള്ള കേസുകളും വനിത കമീഷനടക്കം ഏജൻസികൾക്കും മറ്റ് സംവിധാനങ്ങൾ വഴി ജില്ല വനിത സംരക്ഷണ ഓഫിസർക്കുമെല്ലാം ലഭിക്കുന്ന പരാതികൾ ഇതിന് പുറമെയാണ്. ഈ വർഷം ഏപ്രിൽ വരെ പൊലീസിനും മറ്റ് ഏജൻസികൾക്കുമായി ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട ഇരുനൂറിലേറെ പരാതികളാണ് ലഭിച്ചത്. ലൈംഗികാതിക്രമം, ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ മുൻവർഷങ്ങളിലേതുമായി താരതമ്യപ്പെടുത്തുമ്പോൾ ജില്ലയിൽ കുറവുണ്ട്. സ്ത്രീകൾ പലപ്പോഴും പീഡനത്തിനിരയാകുന്നതേറെയും വീടുകളിൽനിന്നാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്ത്രീധനത്തിൻറെയും ദാമ്പത്യപ്രശ്നങ്ങളുടെയും പേരിലാണ് മിക്ക അതിക്രമങ്ങളും.
സംസ്ഥാനത്ത് കഴിഞ്ഞ ഒരുവർഷത്തിനിടെ 12 പേരാണ് സ്ത്രീധന പീഡനം മൂലം മരിച്ചത്. എന്നാൽ, കഴിഞ്ഞ മൂന്നുവർഷമായി ജില്ലയിൽ സ്ത്രീധനപീഡന മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.