റാസൽഖൈമ: പൊതുജനാരോഗ്യം മുൻ നിർത്തി റാസൽഖൈമയിലെ 13 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി അധികൃതർ. പൊതുജനാരോഗ്യ വകുപ്പിൻറെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1,168 പരിശോധനകൾ നടന്നു. നടപടി ക്രമങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് താക്കീത് നൽകുകയും ഗുരുതര നിയമലംഘനങ്ങൾ നടത്തിയ 13 സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നിഷേധിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വകുപ്പ് ഡയറക്ടർ ഷൈമ അൽ തനൈജി പറഞ്ഞു.
കോവിഡ് മാനദണ്ഡ പ്രകാരമുള്ള സാമൂഹിക അകലം പാലിക്കാതിരുന്ന ഒമ്പത് എണ്ണവും മാസ്ക് ധരിക്കാതെ 14 തൊഴിലാളികളുടെ നിയമലംഘനവും പരിശോധനയിൽ കണ്ടത്തെി. സ്ഥാപനങ്ങൾക്ക് മുനിസിപ്പാലിറ്റി നിഷ്കർഷിച്ചിട്ടുള്ള രൂപകൽപ്പന, തൊഴിലാളികളുടെ വാക്സിനേഷൻ, ഭക്ഷ്യ വസ്തുക്കളുടെ കുറ്റമറ്റ രീതിയിലുള്ള സംഭരണം തുടങ്ങിയവ സ്ഥാപന ഉടമകൾ ഉറപ്പു വരുത്തേണ്ടത് നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.