ജിദ്ദ: ജിദ്ദയിലും മക്കയിലും ചൂട് കൂടി. ഞായറാഴ്ച ജിദ്ദ, മക്ക നഗരത്തിൽ അന്തരീക്ഷോഷ്മാവ് അളവ് ഏറ്റവും ഉയർന്ന തോതിലാണ് രേഖപ്പെടുത്തിയത്.
ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെ കാലാവസ്ഥ കേന്ദ്രത്തിൽ 48.3 ഡിഗ്രിയും മക്ക അറഫയിലെ നിരീക്ഷണകേന്ദ്രത്തിൽ 47.5 ഡിഗ്രിയും രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ചൂട് കൂടിയതോടെ സമൂഹ മാധ്യമങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുന്നതായ വിവരം ആളുകൾ പ്രചരിപ്പിച്ചിരുന്നു. രാജ്യത്തെ മിക്ക മേഖലകളിലും വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഉഷ്ണതരംഗമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. മക്ക, മദീന എന്നിവിടങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസിലെത്തുമെന്നും സൂചിപ്പിച്ചിരുന്നു.