പയ്യോളി: മഴ ശക്തി പ്രാപിച്ചതോടെ ചളിയും വെള്ളക്കെട്ടും രൂപപ്പെട്ടതു കാരണം ദേശീയപാതയിൽ യാത്രാദുരിതം. അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന അയനിക്കാട് മുതൽ പാലോളിപ്പാലം വരെയുള്ള ഭാഗത്ത് യാത്ര ദുഷ്കരമാണ്.
ശനിയാഴ്ച രാത്രിയോടെ കനത്ത മഴ പെയ്തത് കാരണം പ്രയാസം വർധിപ്പിച്ചു. നിലവിലെ ദേശീയപാതയുടെ ഇരുഭാഗത്തും മീറ്ററുകളോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയാണ് നിർദിഷ്ട പാതയുടെ പണി മൂരാട് മുതൽ അയനിക്കാട് പള്ളി വരെ നടന്നുകൊണ്ടിരിക്കുന്നത്.
മണ്ണിട്ട് ഉയർത്തിയത് കാരണം മഴ പെയ്താൽ വെള്ളം റോഡിന്റെ ഇരുവശങ്ങളിലേക്കും ഒഴുകിപ്പോകാൻ കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല, മൺകൂനയിൽനിന്ന് മണ്ണും ചളിയും റോഡിലേക്ക് ഒഴുകിപ്പരക്കുന്നത് കാരണം ദേശീയപാത പലഭാഗത്തും ചളിയിൽ പുതഞ്ഞിരിക്കുകയാണ്.
മഴയെ തുടർന്ന് പയ്യോളി രണ്ടാം ഗേറ്റിന് സമീപത്തെ ദേശീയപാതയിൽ രൂപപ്പെട്ട വെള്ളക്കെട്ട്
അയനിക്കാട് പള്ളി ബസ് സ്റ്റോപ്പിന് മുന്നിലും ഇരിങ്ങലിലും ചളി കെട്ടിക്കിടക്കുന്നത് കാരണം യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. പയ്യോളി രണ്ടാം ഗേറ്റിന് സമീപം സ്വകാര്യ ഹോട്ടലിന് മുന്നിലെ വളവിൽ റോഡിന്റെ മുക്കാൽ ഭാഗത്തോളം വെള്ളത്തിൽ മുങ്ങിയിരിക്കുകയുമാണ്.
സമാന അവസ്ഥയാണ് പയ്യോളി ടൗണിലും അയനിക്കാട് കുറ്റിയിൽപീടിക, പോസ്റ്റ് ഓഫിസ്, കളരിപ്പടി, മൂരാട് ഓയിൽമിൽ തുടങ്ങിയ സ്ഥലങ്ങളിലും.വെള്ളക്കെട്ട് ഒഴിവാക്കി പോകാൻ വാഹനങ്ങൾ എതിർദിശയിലേക്ക് വെട്ടിക്കുമ്പോൾ അപകട സാധ്യത ഏറെയാണ്. മണ്ണിട്ട് ഉയർത്തിയത് കാരണം വാഹനങ്ങൾ റോഡിന്റെ വശങ്ങളിലേക്ക് ഇറക്കാനും സാധ്യമല്ല. റോഡിലെ വെള്ളമൊഴുകിപ്പോകാൻ നിർമാണ പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തവർ ഒന്നും ചെയ്യാത്തതിൽ യാത്രക്കാരും നാട്ടുകാരും പ്രതിഷേധത്തിലാണ്.