ജമ്മു കശ്മീരില്‍ താമസിക്കുന്ന കശ്മീരി പണ്ഡിറ്റുകള്‍ക്ക് ലഷ്‌കര്‍-ഇ-ഇസ്ലാം എന്ന ഭീകര സംഘടനയുടെ വധഭീഷണി. പുല്‍വാമയിലാണ് കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഭീഷണിയുമായി രംഗത്തെത്തിയത്. കശ്മീരി പണ്ഡിറ്റുകള്‍ക്ക് കശ്മീരില്‍ ഇടമില്ലെന്നാണ് ഭീഷണിക്കത്തിലെ പരാമര്‍ശം. കുടിയേറ്റക്കാര്‍ താമസിക്കുന്ന കോളനിയില്‍ നിന്ന് കശ്മീരി പണ്ഡിറ്റുകളും ആര്‍എസ്എസിന്റെ ഏജന്റുമാരും എത്രയും വേഗം ഒഴിഞ്ഞുപോകണമെന്നും അല്ലാത്ത പക്ഷം മരിക്കാന്‍ തയ്യാറാകുക എന്നുമാണ് ഭീകര സംഘടനയുടെ മുന്നറിയിപ്പ്. കുടിയേറ്റക്കാരുടെ കോളനിയിലെ പ്രസിഡന്റിന് ആണ് ഒഴിഞ്ഞുപോകണമെന്ന ഭീഷണിക്കത്ത് ലഭിച്ചത് .
കശ്മീരികളായ മുസ്ലീങ്ങളെ കൊന്നൊടുക്കാനും കശ്മീരിനെ മറ്റൊരു ഇസ്രായേലാക്കാനുമാണ് കശ്മീരി പണ്ഡിറ്റുകളുടെ ശ്രമമെന്നും ഭീഷണിക്കത്തില്‍ പറയുന്നു. സുരക്ഷ രണ്ട് മടങ്ങോ മൂന്ന് മടങ്ങോ വര്‍ധിപ്പിച്ചാലും മരിക്കാന്‍ തയ്യാറായിക്കോളൂ എന്നും നിങ്ങള്‍ മരിച്ചിരിക്കുമെന്നും കത്തില്‍ ഭീഷണിയുണ്ട്.
ബുദ്ഗാമില്‍ റവന്യു വകുപ്പിലെ ജോലിക്കാരനും കശ്മീരി പണ്ഡിറ്റുമായ രാഹുല്‍ ഭട്ടിനെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഭീഷണിക്കത്ത്. വ്യാഴാഴ്ച ഉച്ചയോടെ സെന്‍ട്രല്‍ കശ്മീരിലെ തഹസീല്‍ ദാര്‍ ഓഫീസില്‍ വെച്ചാണ് ഭീകരര്‍ രാഹുല്‍ ഭട്ടിനെ കൊലപ്പെടുത്തിയത്. ഭീകര ഗ്രൂപ്പായ ‘കശ്മീര്‍ ടൈഗേഴ്‌സ്’ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.