ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) ഇന്ന് നേപ്പാൾ സന്ദർശിക്കും. ശ്രീബുദ്ധന്റെ 2566–ാം പിറന്നാളാഘോഷങ്ങളോടനുബന്ധിച്ചാണ് സന്ദർശനം. നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തുന്ന പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. യുപിയിലെ കുശിനഗറിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ലുംബിനിയിലെത്തുന്ന മോദിയെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ സ്വീകരിക്കും.
കേന്ദ്ര സർക്കാർ 100 കോടി ചെലവിട്ടു നിർമിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനവും ഇരു നേതാക്കളും നിർവഹിക്കും. സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ മുഖേനയാണ് ഇന്ത്യ സഹായം ചെയ്യുന്നത്. ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും മോദി സന്ദർശിക്കും.