കോഴിക്കോട്: രാത്രികാലങ്ങളില്‍ വീടുകളില്‍ ഒളിഞ്ഞുനോക്കുകയും മോഷണം നടത്തുകയും ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് കൊടശ്ശേരിപറമ്പ് സ്വദേശി ഹ്യൂണ്ടായ് അനസ് എന്ന അനസ് പോലീസിന്റെ പിടിയില്‍. കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂര്‍ പോലീസും ചേര്‍ന്നാണ് കൂടത്തുംപൊയിലിലെ വാടകവീട്ടില്‍ രഹസ്യമായി താമസിച്ചിരുന്ന അനസിനെ പിടികൂടിയത്.
ഇരുട്ടിന്റെ മറവില്‍ വീടുകളില്‍ കയറി സ്ത്രീകളുടെയും കുട്ടികളുടെയും ദേഹത്തുനിന്ന് ആഭരണങ്ങള്‍ കവര്‍ന്നെടുക്കുന്നതായിരുന്നു ഇയാളുടെ രീതി. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്റെ നിര്‍ദേശപ്രകാരം സിറ്റി ക്രൈം സ്ക്വാഡ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് അനസിനെ പിടികൂടാനായത്.
അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ആഭരണങ്ങള്‍ കവര്‍ന്ന് കുഞ്ഞിനെ വീടിന്റെ ടെറസില്‍ ഉപേക്ഷിച്ച കേസില്‍ ജയിലിലായിരുന്ന പ്രതി കഴിഞ്ഞ ആഴ്ച എലത്തൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ മോഷണം നടത്തിയതോടെ സിറ്റി ക്രൈം സ്ക്വാഡിന്റെ പിടിയിലാകുകയായിരുന്നു.