പെരുമ്പാവൂർ: കാലടി സർവകലാശാല കലോത്സവം കഴിഞ്ഞ് മടങ്ങിയ എസ്.എഫ്.ഐ നേതാവിനെ എ.ബി.വി.പി-ആർ.എസ്.എസ് പ്രവർത്തകർ മർദിച്ചതായി പരാതി.
സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിലെ വിദ്യാർഥിയും എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയുമായ നന്ദു കൃഷ്ണയെയാണ് മർദിച്ചത്. കാലടിയിൽ കലോത്സവത്തിൽ പങ്കെടുത്ത് തിരികെ ഏറ്റുമാനൂർക്ക് കെ.എസ്.ആർ.ടി.സി ബസിൽ പോകുമ്പോൾ പെരുമ്പാവൂരിൽനിന്ന് ബസിൽ കയറിയ എ.ബി.വി.പി സംഘം നന്ദുവിനെ മർദിക്കുകയായിരുന്നു. ഏറ്റുമാനൂർ കേന്ദ്രത്തിലെ യൂനിയൻ ചെയർമാനും എ.ബി.വി.പി നേതാവുമായ അജീഷ് രാജ്, ജനറൽ സെക്രട്ടറി സൂരജ് എന്നിവരുൾപ്പെട്ട സംഘമാണ് മർദിച്ചതെന്ന് പറയുന്നു. ശനിയാഴ്ച് ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം.
തലയിലും നെറ്റിയിലും പരിക്കേറ്റ നന്ദുവിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ.ബി.വി.പിയുടെ യൂനിയനാണ് ഏറ്റുമാനൂർ കേന്ദ്രം ഭരിക്കുന്നത്.
എ.ബി.വി.പി നേതാക്കൾ കലോത്സവത്തിനെത്തിയപ്പോൾ ബാഡ്ജ് ലഭിച്ചില്ലെന്നുപറഞ്ഞ് തർക്കവും ബഹളവുമുണ്ടാക്കിയിരുന്നു. നന്ദുവിനെ അക്രമിക്കുമെന്ന് ഭീഷണിയുയർത്തുകയും ചെയ്തു. ഇതേ തുടർന്നാണ് സംഘം നന്ദുവിനെ പിന്തുടർന്ന് ആക്രമിച്ചത്. പെരുമ്പാവൂർ പൊലീസ് കേസെടുത്തു.