ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെയുള്ള പത്ത് സംസ്ഥാനങ്ങൾക്കുള്ള ഗോതമ്പ് വിഹിതം വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. എപിഎൽ വിഭാഗത്തിനുള്ള ഗോതമ്പാണ് നിർത്തലാക്കിയത്. ഗോതമ്പ് ക്ഷാമം രൂക്ഷമായതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
കേരളത്തിന് പ്രതിമാസം നൽകിയിരുന്നത് 6,459 മെട്രിക് ടൺ ഗോതമ്പാണ്. ബിഹാർ, ജാർഖണ്ഡ്, ഒഡിഷ തുടങ്ങി പത്ത് സംസ്ഥാനങ്ങളിലെ ഗോതമ്പ് വിഹിതമാണ് വെട്ടിക്കുറച്ചത്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിലെ ഭക്ഷ്യ സുരക്ഷ സ്‌കീം പ്രകാരമാണ് നടപടി.
രാജ്യത്തെ ഗോതമ്പ് കയറ്റുമതി കേന്ദ്ര സർക്കാർ താൽക്കാലികമായി നിരോധിച്ചിരുന്നു. ആഭ്യന്തര വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയരുന്നത് കണക്കിലെടുത്താണ് തീരുമാനം. ഉള്ളി വിത്തുകളുടെ കയറ്റുമതിയും നിയന്ത്രിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മേയ് 13 മുതൽ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ കയറ്റുമതി ചില വ്യവസ്ഥകളോടെ തുടരും. ഇതിനകം കരാർ ഒപ്പിട്ട കയറ്റുമതിക്ക് ഈ തീരുമാനം ബാധകമല്ല. മറ്റ് രാജ്യങ്ങളിൽ ഭക്ഷ്യ പ്രതിസന്ധി ഉണ്ടായാൽ സർക്കാരുകളുടെ അഭ്യർത്ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കും.