ആലപ്പുഴ: ഹരിപ്പാട് ഹോട്ടലിൽ നിന്നും പാഴ്‌സലായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ അട്ട. ഡാണാപ്പടിയിലെ മദീന ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ നിന്നാണ് അട്ടയെ ലഭിച്ചത്. സംഭവം അറിഞ്ഞെത്തിയ നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടൽ പൂട്ടിച്ചു.
എരിക്കാവ് സ്വദേശികൾക്കാണ് പാഴ്‌സലിൽ നിന്നും അട്ടയെ ലഭിച്ചത്. ഉടനെ ആരോഗ്യവകുപ്പിന് പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ അധികൃതർ ഹോട്ടലിൽ പരിശോധനയ്‌ക്കായി എത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് വ്യക്തമായതോടെ അടച്ചു പൂട്ടാൻ ഉത്തരവിടുകയായിരുന്നു.
വിറക് സൂക്ഷിച്ചിരുന്നതിന് അടുത്ത് തുറന്നാണ് ഭക്ഷ്യവസ്തുക്കൾവെച്ചിരുന്നത്. അതിനാൽ വിറകിൽ നിന്നാകാം ഭക്ഷണത്തിൽ അട്ട വീണതെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിൽ എത്തി വിശദമായ പരിശോധന നടത്തും.