സഹാർസ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബായ്ജനത്പൂർ ശാഖയിൽ നിന്ന് സ്വർണ്ണം മോഷണം പോയതുമായി ബന്ധപ്പെട്ട് കരാർ ജീവനക്കാരൻ അറസ്റ്റിൽ. 1.25 കോടി വിലവരുന്ന 2.8 കിലോ സ്വർണ്ണമാണ് മോഷണം പോയത്. സ്വർണ്ണം ലോക്കറിൽ നിന്നും കാണാതായതിനെ തുടർന്ന് മാനേജർ ലളിത് കുമാർ സിൻഹ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് കരാർ ജീവനക്കാരൻ ഉമേഷ് മാലിക്കിനെ പൊലീസ് അറസ്റ്റുചെയ്തു. ലോക്കറിൽ നിന്നും ഉമേഷ് സ്വർണ്ണം മോഷടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരേയും എസ്.ബി.ഐ സസ്പെൻഡ് ചെയ്തു. സ്വർണ്ണത്തിൻറെ കുറച്ച് ഭാഗം നേപ്പാളിൽ വിറ്റതായും സഹാർസ പൊലീസ് അന്വേഷണം നേപ്പാളിലേക്ക് വ്യാപിപ്പിച്ചതായും സബ്ഡിവിഷണൽ പൊലീസ് ഓഫീസർ സന്തോഷ് കുമാർ പറഞ്ഞു.
പ്രദേശത്തെ സ്വർണ്ണവ്യാപരികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നിക്ഷേപകർ ആശങ്കപ്പെടേണ്ട എന്നും മോഷണം പോയ സ്വർണ്ണം തിരിച്ചു കിട്ടിയില്ലെങ്കിലും ബാങ്ക് നഷ്ടപരിഹാരം നൽകുമെന്നും റീജണൽ മാനേജർ ബി.കെ സിംഗ് അറിയിച്ചു.