അബൂദബി: ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ പുതിയ യു.എ.ഇ പ്രസിഡൻറായി പ്രഖ്യാപിച്ച് യു.എ.ഇ സുപ്രീം കൗൺസിൽ. പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദിൻറെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡൻറിനെ പ്രഖ്യാപിച്ചത്.
2004 മുതൽ അബൂദബി കിരീടാവകാശിയും 2005 മുതൽ യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായി സേവനമനുഷ്ടിച്ചു വരികയായിരുന്നു ശൈഖ് ഖലീഫയുടെ അർധസഹോദരൻ കൂടിയായ ശൈഖ് മുഹമ്മദ് ബിൻ സായിദ്.
യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡൻറും 17ാമത് അബൂദബി ഭരണാധികാരിയുമായാണ് 61കാരനായ ശൈഖ് മുഹമ്മദ് നിയമിതനായിരിക്കുന്നത്. ശൈഖ് ഖലീഫ ആരോഗ്യപ്രശ്നങ്ങളാൽ സജീവമല്ലാതിരുന്നപ്പോൾ പ്രസിഡൻറിൻറെ ചുമതലകൾ നിർവഹിച്ചിട്ടുമുണ്ട്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുതിയ പ്രസിഡൻറിന് എല്ലാ പിന്തുണയും അറിയിച്ചു.