ബിറ്റ്കോയിൻ ഔദ്യോഗിക കറൻസിയായി അംഗീകരിച്ച ആദ്യ രാജ്യമാണ് എൽ സാൽവദോർ. 22 അഗ്നിപർവതങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യം കൂടിയാണ് എൽ സാൽവദോർ. എൽ സാൽവദോറിൽ ഒരു ബിറ്റ്കോയിൻ നഗരമുണ്ടാക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ. എൽ സാൽവദോറിന്റെ പ്രസിഡന്റായ നയീബ് അർമാൻഡോ ബുകേലെയാണ് ഈ നഗരത്തിന്റെ മോഡലും ഡിസൈനും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇവിടെ ബിറ്റ്കോയിൻ കറൻസിയായി അംഗീകരിച്ചത്. ഈ വർഷം അവസാനത്തോടെ ബിറ്റ്കോയിൻ നഗരത്തിന്റെ നിർമാണം തുടങ്ങുമെന്നാണ് പ്രതീക്ഷ.അഗ്നിപർവതത്തിൽ നിന്നുള്ള ഊർജം ഉപയോഗിച്ചു ബിറ്റ്കോയിൻ മൈൻ ചെയ്യുക എന്ന ആശയമാണ് നഗരത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
എന്നാൽ എൽ സാൽവദോറിലെ ജനങ്ങളിൽ 20 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ബിറ്റ്കോയിൻ ഉപയോഗിക്കുന്നതെങ്കിലും എൽ സാൽവദോറിന്റെ പ്രസിഡന്റ് ബുകേലെ ബിറ്റ്‌കോയിൻ ആരാധകനാണ്. ഇതുവെച്ച് വൻകിട പദ്ധതികളാണ് അദ്ദേഹം പ്ലാൻ ചെയ്തിരിയ്ക്കുന്നത്. ബിറ്റ്‌കോയിൻ കറൻസിയായ അംഗീകരിക്കുന്നതിന് മുമ്പ് കറൻസി ഇല്ലാത്ത രാജ്യമായിരുന്നു ഇത്. മധ്യ അമേരിക്കൻ രാജ്യമായ ഇവിടെ സാമ്പത്തിക വിനിമയത്തിനായി യുഎസ് ഡോളറാണു ഉപയോഗിക്കുന്നത്.
ആറുമാസം മുൻപ് ഒരു ലാറ്റിൻ അമേരിക്കൻ ബിറ്റ്കോയിൻ, ബ്ലോക്ചെയ്ൻ കോൺഫറൻസിലാണ് ബിറ്റ്കോയിൻ നഗരത്തെപ്പറ്റി ബുകേലെ ആദ്യമായി പറയുന്നത്. എന്നാൽ ഈ പ്രഖ്യാപനങ്ങളൊക്കെ ബിറ്റ്കോയിൻ ഉൾപ്പെടുന്ന ക്രിപ്റ്റോരംഗത്ത് വൻ ഇടിവ് അനുഭവപ്പെട്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു. ഇടിവ് വകവയ്ക്കരുതെന്ന് പറഞ്ഞ് എൽ സാൽവദോർ സർക്കാർ ബിറ്റ്കോയിൻ വാങ്ങിക്കൂട്ടിയതും കഴിഞ്ഞദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ബിറ്റ്‌കോയിൻ കറൻസി നിലവിലുണ്ടെങ്കിലും യുഎസ് ഡോളർ തന്നെയാണ് ഉപയോഗിക്കുന്നത്.