അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന് കണ്ണീരോടെ യാത്രാമൊഴിയേകി ജനത. ഇന്നലെ അന്തരിച്ച അദ്ദേഹത്തിന്‍റെ മൃതദേഹം അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കിയതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. അബുദാബിയിലെ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് പള്ളിയില്‍ നടന്ന മരണാനന്തര പ്രാര്‍ത്ഥനകളില്‍ അബുദാബി കിരീടാവകാശിയും ശൈഖ് ഖലീഫയുടെ സഹോദരനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും പങ്ക് എടുത്തു.
പള്ളിയില്‍ വെച്ചുനടന്ന നമസ്‍കാരത്തിന് ശേഷം കുടുംബാംഗങ്ങള്‍ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനിലേക്ക് മൃതദേഹത്തെ അനുഗമിച്ചു. യുഎഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച മഗ്‍രിബ് നമസ്‍കാരത്തിന് ശേഷം ശൈഖ് ഖലീഫയ്‍ക്ക് വേണ്ടിയുള്ള മരണാനന്തര പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. സ്വദേശികളും പ്രവാസികളുമടക്കം ആയിരക്കണക്കിന് പേര്‍ വിവിധ പള്ളികളില്‍ നടന്ന നമസ്‍കാരത്തില്‍ പങ്ക് എടുത്തു.