ജയ്പുര്‍: കൊടുംചൂടിനെ തുടര്‍ന്ന് രാജസ്ഥാനിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ രണ്ട് ദിവസത്തേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ഭാഗങ്ങളിലും അന്തരീക്ഷതാപനില ഉയര്‍ന്നനിലയില്‍ തുടരുകയാണ്.
രാജസ്ഥാനില്‍ മാത്രമല്ല രാജ്യത്തിന്റെ വടക്ക്, മധ്യ, പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ കൊടുംചൂടിലാണ്. പഞ്ചാബ്, ഹരിയാണ, മധ്യപ്രദേശ്, ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ ഒരാഴ്ചക്കുള്ളില്‍ ഉഷ്ണതരംഗസാധ്യതയുണ്ടെന്ന് കാലാവസ്ഥാവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഗുജറാത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ താപനിലയില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജസ്ഥാനില്‍ പലയിടങ്ങളിലേയും താപനില മേയ് മാസത്തില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ നാല് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരിക്കുന്നു. ബര്‍മാറില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ശ്രീഗംഗാനഗറില്‍ 47.3, ബിക്കാനിറില്‍ 47.2, ചുരൂവില്‍ 47, അജ്മീറില്‍ 45, ഉദയ്പുരില്‍ 44 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്.
ഡല്‍ഹിയിലും അന്തരീക്ഷ ഊഷ്മാവ് റെക്കോഡ് നിലയില്‍ രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ചയോടെ ഡല്‍ഹിയിലെ താപനില ഇനിയും വര്‍ധിച്ച് 44 ഡിഗ്രി സെല്‍ഷ്യസോളമെത്തുമെന്നാണ് കണക്കുകൂട്ടല്‍.