കോഴിക്കോട്: മോഡൽ ഷഹാനയുടെ മരണത്തില്‍ ഭർത്താവ് സജാദ് അറസ്റ്റിൽ. സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചേവായൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഷഹാനയുടേത് തൂങ്ങി മരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രാസപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. ശേഷം ഷഹാനയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു.
ഇന്നലെ രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
യുവതി തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ടെന്നും കൂടുതല്‍ പരിശോധന വേണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്.
അതേസമയം, മകളെ സജാദ് കൊന്നതാണെന്ന് ഷഹാനയുടെ ഉമ്മ ഉമൈബ ആരോപിച്ചു. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച വരുമാനത്തിനായി നിരന്തരം പീഡിപ്പിച്ചു. ഇക്കാര്യം ഷഹാന പലതവണ തന്നോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് താമസിയാതെ നൽകിയ സ്വർണ്ണം മുഴുവൻ ഭർത്താവ് സജാദ് വിറ്റു. നൽകിയ പണവും ദൂർത്തടിച്ചുവെന്നും ഇവർ പറയുന്നു.