കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷഹന മരിച്ച മുറിയിൽ നിന്ന് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ്, എംഡിഎംഎ എന്നിവ കണ്ടെത്തി.
പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയതെന്ന് എസിപി കെ സുദർശനൻ വ്യക്തമാക്കി. സജ്ജാദ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും. ഷഹനയ്‌ക്കും ലഹരി നൽകിയിരുന്നോ എന്നറിയാൻ രാസ പരിശോധന നടത്തും.
ഷഹനയുടെ ഭർത്താവ് സജ്ജാദ് നാട്ടുകാരോട് ഭാര്യ വിളിച്ചിട്ട് മിണ്ടുന്നില്ല എന്നാണ് പറഞ്ഞത്. തൂങ്ങി മരിച്ചുവെന്ന് സജ്ജാദ് പറഞ്ഞത് പോലീസിനോട് മാത്രമാണ്. മരണത്തിൽ ദുരൂഹത ഉള്ളതിനാൽ ഷഹനയുടെ പോസ്റ്റ്‌മോർട്ടം ആർഡിഒയുടെ സാന്നിധ്യത്തിൽ നടത്തും. പോസ്റ്റ്മോർട്ടത്തിന്റെ മുഴുവൻ നടപടിക്രമങ്ങളും വീഡിയോയിൽ ചിത്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നരവർഷം മുൻപായിരുന്നു ഷഹനയുടേയും സജ്ജാദിന്റേയും വിവാഹം. വിവാഹത്തിന് ശേഷം കോഴിക്കോട് പറമ്പിൽ ബസാറിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു ഇവർ. പരസ്യ ചിത്രങ്ങളിലും ചില തമിഴ് സിനിമകളിലും ഷഹന അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിച്ച ശേഷം പ്രതിഫലത്തെ ചൊല്ലി സജ്ജാദുമായി വഴക്ക് ഇട്ടിരുന്നതായും വിവരമുണ്ട്.