ന്യൂഡൽഹി: തീവ്രവാദ ബന്ധം ആരോപിച്ച് സർവകലാശാല പ്രഫസർ ഉൾപ്പെടെ മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെ ജമ്മു കശ്മീർ ഭരണകൂടം പിരിച്ചുവിട്ടു. കാശ്മീർ സർവകലാശാലയിലെ കെമിസ്ട്രി പ്രഫസർ അൽത്താഫ് ഹുെെസൻ പണ്ഡിറ്റ്, സ്കൂൾ വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകൻ മുഹമ്മദ് മഖ്ബൂൽ ഹജാം, ജമ്മു കശ്മീർ പൊലീസ് കോൺസ്റ്റബിൾ ഗുലാം റസൂൽ എന്നിവരെയാണ് പുറത്താക്കിയതെന്ന് അധികൃതർ അറിയിച്ചു.
സർക്കാർ വകുപ്പുകളിൽ നുഴഞ്ഞുകയറിയ തീവ്രവാദ ബന്ധമുള്ളമുള്ളവരെ കണ്ടെത്താനായി നടത്തിയ നീക്കത്തിൻറെ ഭാഗമായാണ് മൂവരേയും സർവിസിൽ നിന്ന് പിരിച്ചുവിട്ടതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
പ്രഫസർ അൽത്താഫ് ഹുെെസൻ പണ്ഡിറ്റിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ഭീകര പരിശീലനത്തിനായി പാകിസ്താനിലേക്ക് പോകാറുണ്ടെന്നുമാണ് അധികൃതർ പറയുന്നത്. അധ്യാപകൻ മുഹമ്മദ് മഖ്ബൂൽ ഹജാം ജനങ്ങളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനായി പ്രവർത്തിക്കുന്നയാളാണെന്നും ഇവർ പറയുന്നു. പുറത്താക്കിയ പൊലീസ് കോൺസ്റ്റബിൾ ഗുലാം റസൂൽ തീവ്രവാദികൾക്ക് വിവരം ചോർത്തി നൽകുന്നയാളാണെന്നുമാണ് അധികൃതർ അവകാശപ്പെടുന്നത്.