ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ ഗർഭഛിദ്രത്തിന് ഇരയാക്കിയ സംഭവത്തിൽ പിതാവടക്കം മൂന്നുപേർ അറസ്റ്റിൽ. ട്രക്ക് ഡ്രൈവർ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയെ പിതാവിന്റെ സഹായത്തോടെ രണ്ടുപേർ ആശുപത്രിയിൽ എത്തിക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിക്കുകയുമായിരുന്നു.
പ്രായപൂർത്തിയാകാത്ത മകളെ ട്രക്ക് ഡ്രൈവർ ബലാൽസംഗം ചെയ്‌ത് ഗർഭിണിയാക്കുകയായിരുന്നെന്ന് പരാതിക്കാരി പറഞ്ഞു. പിന്നീട് ട്രക്ക് ഡ്രൈവറും സഹായിയും പെൺകുട്ടിയുടെ പിതാവിനൊപ്പം ചേർന്ന് അവളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇബ്രാഹിംപട്ടണത്തെ സ്വകാര്യ ആശുപത്രിയിൽ 16കാരിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയതായി പെൺകുട്ടിയുടെ മാതാവ് പരാതി നൽകിയിരുന്നു. തുടർന്ന് നൽഗൊണ്ട പൊലീസ് കേസെടുക്കുകയായിരുന്നു.
ആശുപത്രിയിൽ വെച്ച് പ്രതികൾ പെൺകുട്ടിയെ നിർബന്ധിച്ച് ഗുളിക വിഴുങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നെന്നും കനത്ത രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മാതാവ് കൂട്ടിച്ചേർത്തു.