മുംബെെ: ഡി കമ്പനി കേസിൽ അധോലോക കുറ്റവാളി ഛോട്ടാ ഷക്കീലിൻറെ സഹായികളെ ദേശീയ അന്വേഷണ ഏജൻസി(എൻ.െഎ.എ) അറസ്റ്റ് ചെയ്തു. ആരിഫ് അബൂബക്കർ ശൈഖ്, ഷബീർ അബൂബക്കർ ശൈഖ് എന്നിവരെയാണ് എൻ.െഎ.എ സംഘം വെള്ളിയാഴ്ച പിടികൂടിയത്. ദാവൂദ് ഇബ്രാഹിമിൻറെ ഡി കമ്പനിയുടെ നിമയവിരുദ്ധ പ്രവർത്തനങ്ങളിലും തീവ്രവാദ ധനസഹായ വിതരണത്തിലും ഇവർക്ക് ബന്ധമുള്ളതായാണ് കണ്ടെത്തൽ. അറസ്റ്റിലായ ഇരുവരേയും പ്രത്യേക എൻ.െഎ.എ കോടതിയിൽ വെള്ളിയാഴ്ച ഹാജരാക്കും. കോടതിയിൽ എൻ.െഎ.എ കസ്റ്റഡി അപേക്ഷയും നൽകും.
നാഗ്പാഡ, ഗൊരേഗാവ്, ബോറിവാലി, സാന്താക്രൂസ്, മുംബ്ര, ഭേണ്ടി ബസാർ ഉൾപ്പെടെ 29 ഓളം സ്ഥലങ്ങളിൽ മെയ് ഒമ്പതിന് എൻ.െഎ.എ പരിശോധന നടത്തിയിരുന്നു. പണവും ആയുധങ്ങളും രഹസ്യരേഖകളും തിരച്ചിലിൽ പിടിച്ചെടുക്കുകയും അറ് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് എൻ.െഎ.എ അറിയിച്ചു. അതേസമയം, പാക് തീവ്രവാദ ബന്ധമുള്ള 56കാരനെതിരെ ഇൻറർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.