ആദ്യമായി ഉത്തരകൊറിയയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്‍ മാസ്‌ക്ക് ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപെട്ടു. ആദ്യമായാണ് കിം ജോങ് ഉന്‍ മാസ്‌ക് ധരിച്ച് ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു കിം ജോങ് ഉന്‍. ലോകമെമ്പാടും ബാധിച്ച കോവിഡ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഉണ്ടായിട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. എന്നാല്‍ കഴിഞ്ഞ ദിവസം തലസ്ഥാനമായ പ്യോങ്യാങ്ങില്‍ പനി ബാധിച്ചവരില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയില്‍ ഒമൈക്രോണ്‍ വേരിയന്റ് ബാധിച്ചതായി സ്ഥിരീകരിച്ചതായി റിപോർട്ടുകൾ പുറത്തുവന്നിരുന്നു.
ആദ്യ കേസുകള്‍ കണ്ടെത്തിയതിന് ശേഷം, നഗരങ്ങളിലും പ്രാദേശിക കേന്ദ്രങ്ങളിലും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടു. വൈറസ് പടരുന്നത് തടയാന്‍ ജോലിസ്ഥലങ്ങളില്‍ ഐസോലേഷന്‍ ബാധകമാക്കി. എത്രത്തോളം വ്യാപനമാണ് ഉത്തരകൊറിയില്‍ കോവിഡ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് വ്യക്തമല്ല .എന്നാൽ മോശം ആരോഗ്യ പരിരക്ഷാ സംവിധാനം നിലനിൽക്കുന്ന ഉത്തരകൊറിയയിൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. മാത്രമല്ല രാജ്യത്തുള്ള 26 ദശലക്ഷം ആളുകളില്‍ ഭൂരിപക്ഷവും വാക്‌സിനേഷന്‍ എടുക്കാത്തവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ .