മസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റിയുടെ സുവർണ ജൂബിലി നടപ്പാത പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. സീബ് വിലായത്തിൽ 84,400 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ് പദ്ധതി. മസ്കത്ത് ഗവർണറേറ്റ് വികസിപ്പിക്കുന്നതിനും പൗരന്മാർക്കും താമസക്കാർക്കും വിനോദ സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി ഒരുങ്ങുന്നത്. പ്രോജക്ടിൽ വിനോദ ഘടകങ്ങൾ, പിക്നിക്കുകൾക്കും ശാരീരിക പ്രവർത്തനങ്ങൾക്കുമുള്ള മേഖലകൾ, സൈക്കിൾ പാത, മറ്റ് വിവിധ സേവനങ്ങൾ എന്നിവ ഉണ്ടാകും.
ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് പ്രകൃതിദത്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന പദ്ധതിയിൽ 38,250 ചതുരശ്ര മീറ്ററിൽ ഹരിത ഇടങ്ങളുണ്ടാകും. ഈ വർഷത്തിൻറെ മധ്യത്തിൽ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമാകുമെന്നും അടുത്ത വർഷം ഏപ്രിലിൽ പൂർത്തിയാക്കുമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു.
കായിക സംസ്കാരം പ്രചരിപ്പിക്കാനും വാണിജ്യ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനും പ്രദർശനങ്ങളും വിനോദ പരിപാടികളും സംഘടിപ്പിക്കാനും പദ്ധതി സഹായമാകുമെന്ന് പൗരസമിതി പറഞ്ഞു.
ഗോൾഡൻ ജൂബിലി വാക്കിൽ 1,972 മീറ്റർ കാൽനടപ്പാത, 1,972 മീറ്റർ നീളവും മൂന്നു മീറ്റർ വീതിയിലുമുള്ള സൈക്കിൾ പാത, കായിക വിനോദത്തിനുള്ള ഉപകരണങ്ങൾ സജ്ജീകരിച്ച രണ്ട് സൈറ്റുകൾ, കുട്ടികളുടെ രണ്ട് കളിസ്ഥലങ്ങൾ, 140 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ എന്നിവയും ഒരുക്കും.