കോട്ടയം: ഒടുവിൽ ‘അസാനി’ ചുഴലിക്കാറ്റും മഴയെത്തിച്ചതോടെ വേനൽ മഴയുടെ നിറവിൽ ജില്ല. കണക്കിലധികം മഴയാണ് ജില്ലയിൽ പെയ്തിറങ്ങിയത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ കണക്കനുസരിച്ച് 433.2 മില്ലീമീറ്റർ വേനൽ മഴയാണ് ജില്ലയിൽ ലഭിക്കേണ്ടത്. ഈ കണക്കുകൾ മറികടന്നാണ് വേനൽ പെയ്ത്ത്. കഴിഞ്ഞദിവസം വരെ ജില്ലയിൽ പെയ്തത് 464.6 മില്ലീമീറ്റർ മഴയാണ്. കനത്ത മഴ ലഭിച്ച ചൊവ്വ, ബുധൻ ദിവസങ്ങളിലെ കണക്കുകൾ കൂടി ചേരുന്നതോടെ മഴയുടെ അളവിൽ വർധനയുണ്ടാകും.
മേയ് അവസാനിക്കാൻ മൂന്നാഴ്ചയോളം ബാക്കി നിൽക്കുമ്പോഴാണ് ശരാശരിക്കും മുകളിൽ മഴയെത്തി നിൽക്കുന്നത്. കോട്ടയത്തിനൊപ്പം പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിലും വേനൽമഴപ്പെയ്ത്ത് ശരാശരിക്കും മുകളിലെത്തി. സംസ്ഥാനത്താകെ 56 ശതമാനം അധികമഴയാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. മാർച്ച് ഒന്നു മുതൽ മേയ് 31 വരെ നീളുന്ന വേനൽക്കാലത്ത് 361.5 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടത്. എന്നാൽ, കഴിഞ്ഞദിവസം വരെ പെയ്തിറങ്ങിയത് 294.1 മില്ലീമീറ്ററാണ്.
ചൊവ്വാഴ്‌ച രാത്രി മുതലാണ് ജില്ലയിൽ ശക്‌തമായ മഴ ആരംഭിച്ചത്. വ്യാഴാഴ്ചയും ഇത് തുടർന്നു. ഈരാറ്റുപേട്ട, തീക്കോയി ഭാഗങ്ങളിലായിരുന്നു ശക്തമായ മഴ. ബുധനാഴ്ച തീക്കോയിയിൽ 151 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ ഈരാറ്റുപേട്ടയിൽ 115 മില്ലീമീറ്റർ മഴയാണ് പെയ്തിറങ്ങിയത്. വ്യാഴാഴ്ചയും ജില്ലയുടെ പലഭാഗങ്ങളിലും ശക്തമായ മഴപെയ്തു. ഇടവേളകളിലായിരുന്നു കനത്തമഴ പെയ്തിറങ്ങിയത്. മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു. മീനച്ചിലാർ നിറഞ്ഞൊഴുകുകയാണ്. ഭരണങ്ങാനത്തുണ്ടായ ഉരുൾപൊട്ടലും മീനച്ചിലാറ്റിൽ ജലത്തിൻറെ അളവ് വർധിക്കാൻ കാരണമായി.