കര്‍ണാടകയില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി പ്രവര്‍ത്തനം തുടങ്ങി. അസുഖ ബാധിതരായ മൃഗങ്ങളുണ്ടെങ്കിൽ ഒരു കോൾ വിളിച്ചാൽ സഞ്ചരിക്കുന്ന മൃഗാശുപത്രി വീട്ടിലെത്തും. 70 മൊബൈല്‍ മൃഗാശുപത്രികളാണ് കർണാടകയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം വഴിയാണ് മൊബൈല്‍ മൃഗാശുപത്രികളുടെ സേവനം ലഭ്യമാകുക. 1962 എന്ന ടോള്‍ ഫ്രീ നമ്പറും ലഭ്യമാണ്. ഈ നമ്പറില്‍ വിളിച്ച് വീട്ടുവിലാസവും രോഗവിവരത്തെക്കുറിച്ചുള്ള കാര്യങ്ങളും അറിയിക്കുക. ഇതോടെ കണ്‍ട്രോള്‍ റൂമിൽ നിന്ന് വാഹനത്തിലെ ജിപിഎസ് സംവിധാനത്തിലേക്ക് സന്ദേശം പോകും. സഞ്ചരിക്കുന്ന മൃഗാശുപത്രി വീട്ടിലെത്തും.
ഒരു മൃഗഡോക്ടറും സഹായിയും ഡ്രൈവറുമാണ് സഞ്ചരിക്കുന്ന മൃഗാശുപത്രികളിലുണ്ടാവുക. കന്നുകാലികള്‍ക്ക് അടക്കം മൃഗങ്ങള്‍ക്ക് ഉണ്ടാവുന്ന ഏതുതരം അസുഖങ്ങളെയും ചികിത്സിക്കാനാവശ്യമായ മരുന്നുകളും ഉപകരണങ്ങളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഗ്രാമീണ മേഖലകളില്‍ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഗ്രാമങ്ങളിലെ ചെറിയവഴികളിലൂടെ ബുദ്ധിമുട്ടില്ലാതെ ഓടിക്കാന്‍ കഴിയുന്ന തരം വാഹനങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ജിപിഎസ് സംവിധാനവും മൊബൈല്‍ ആശുപത്രിയിലുണ്ട്.
തമിഴ്നാട്, തെലങ്കാന, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നേരത്തെ ആരംഭിച്ച മൊബൈൽ മൃഗാശുപത്രിപദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചതോടു കൂടിയാണ്കര്‍ണാടകയും സമാന പദ്ധതി നടപ്പാക്കിയത്. 275 മൃഗാശുപത്രികള്‍ കൂടി അടുത്ത ഘട്ടമായി പ്രവര്‍ത്തന സജ്ജമാക്കും.