കരിപ്പൂർ: തിരുവനന്തപുരം വിമാനത്താവളത്തിനൊപ്പം കോഴിക്കോട് വിമാനത്താവളത്തിലും ചരക്ക് നീക്കത്തിൽ പ്രതിസന്ധി. കേന്ദ്രസർക്കാറിൽ നിന്ന് ശനിയാഴ്ചക്കകം അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ചരക്ക് നീക്കം പ്രതിസന്ധിയിലാകും. നിലവിൽ കരിപ്പൂരിലെ ചരക്ക് നീക്കം സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ കെ.എസ്.ഐ.ഇയാണ് നടത്തുന്നത്. ഇവരുടെ ലൈസൻസ് പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) നിഷ്കർഷിക്കുന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് കെ.എസ്.ഐ.ക്ക് തിരിച്ചടിയായിരിക്കുന്നത്.
സുരക്ഷയിലും പരിശോധനയിലുമുള്ള വീഴ്ചകൾ പരിഹരിക്കാൻ ബി.സി.എ.എസ് നിരവധി തവണ കെ.എസ്.ഐ.ഇയോട് ആവശ്യപ്പെട്ടിരുന്നു. വർഷങ്ങളായിട്ടും തിരുത്തലുകൾ നീണ്ടതോടെയാണ് ബി.സി.എ.എസ് കർശന നിലപാട് സ്വീകരിച്ചത്. ചരക്കു നീക്ക ലൈസൻസ് പുതുക്കി നൽകണമെന്നാണ് സർക്കാറിൻറെ ആവശ്യം. പോരായ്മകൾ പരിഹരിക്കാൻ താൽക്കാലികമായി ഡിസംബർ 31 വരെ സമയം നൽകണമെന്നാണ് വ്യവസായവകുപ്പ് ആവശ്യപ്പെട്ടത്. 1995ലാണ് കാലിക്കറ്റ് എയർ കാർഗോ കോംപ്ലക്സ് രൂപവത്കരിച്ചത്.