ഓമശ്ശേരി (കോഴിക്കോട്): ചെറുപുഴയിൽ മാതോലത്തിൻ കടവിൽ ഒഴുക്കിൽപെട്ട രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയിൽ ഷമീർ സഖാഫിയുടെ മകൻ മുഹമ്മദ് ദിൽഷാഖാണ് (9) മരിച്ചത്. കൂടെയുണ്ടായിരുന്ന വെണ്ണക്കോട് പെരിങ്ങാംപുറം മുഹമ്മദിന്റെ മകൻ അമീൻ (8) ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകീട്ട് നാലു മണിക്കാണ് സംഭവം.
സൈക്കിളെടുത്ത് മൂന്നു കുട്ടികൾ ചെറുപുഴയിൽ മാതോത്തിൻ കടവിൽ പോവുകയായിരുന്നു. രണ്ടുപേർ പുഴയിൽ ഒഴുക്കിൽപെട്ടു. മൂന്നാമൻ വിളിച്ചുപറഞ്ഞതിനെ തുടർന്ന് സമീപവാസികൾ ഓടിയെത്തി തിരച്ചിൽ നടത്തി. രണ്ടു പേരെയും 15 മിനിറ്റിനകം കരയിലെത്തിച്ചു. ഉടൻ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകിയശേഷം കോഴിക്കോട് ആശുപത്രിയിലേക്കു മാറ്റി.
മരിച്ച ദിൽഷാഖ് വെണ്ണക്കോട് ജി.എം.എൽ.പി സ്കൂൾ വിദ്യാർഥിയാണ്. സുഹൈലയാണ് മാതാവ്. സഹോദരങ്ങൾ: ഹബീബുറഹ്മാൻ, മുഹമ്മദ് ഹാദി, നഫീസത്തുൽ മിസ്രിയ. ഖബറടക്കം പോസ്റ്റ്മോർട്ടത്തിനുശേഷം വെണ്ണക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.