ലാഹോർ: പാകിസ്താനിലെ ഹിന്ദു ക്ഷേത്ര ആക്രമണക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് പാകിസ്താൻ കോടതി. പ്രതികളായ 22 പേർക്ക് അഞ്ചുവർഷം വീതം തടവുശിക്ഷ വിധിച്ചു. പാകിസ്താൻ ഭീകരവാദ വിരുദ്ധ കോടതി(എ.ടി.സി)യുടേതാണ് ഉത്തരവ്.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ 2021 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലാഹോറിൽനിന്ന് 590 കി.മീറ്റർ അകലെയുള്ള റഹീം യാർ ഖാൽ ജില്ലയിലെ ബോങ്ങിലുള്ള ഗണേഷ് മന്ദിരാണ് ഒരു സംഘം ചേർന്ന് ആക്രമിച്ചത്. സ്ഥലത്തെ ഒരു മദ്രസ എട്ടുവയസുകാരനായ ഹിന്ദു ബാലൻ വൃത്തികേടാക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
രോഷാകുലരായ ജനക്കൂട്ടം ആയുധങ്ങളും വടികളുമെടുത്ത് ക്ഷേത്രത്തിൽ വിന്യസിച്ചിരുന്ന പൊലീസുകാരെ ആക്രമിക്കുകയും ക്ഷേത്രത്തിന്റെ ഒരു ഭാഗം നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ, ചുവരുകൾ, വാതിലുകൾ, വൈദ്യുത ഉപകരണങ്ങൾ എന്നിവയും അക്രമികൾ നശിപ്പിച്ചു.
കേസിൽ 84 പ്രതികളാണ് അറസ്റ്റിലായത്. പ്രതികളുടെ വിചാരണ കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വിചാരണ അവസാനിച്ചത്. ബുധനാഴ്ചയാണ് എടിസി ജഡ്ജി നസീർ ഹുസൈൻ വിധി പ്രഖ്യാപിച്ചത്. 22 പ്രതികൾക്ക് അഞ്ച് വർഷം വീതം തടവ് ശിക്ഷ വിധിച്ച ജഡ്ജി ബാക്കിയുള്ള 62 പേരെ വെറുതെവിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് മറ്റ് പ്രതികളെ വെറുതെ വിട്ടത്.
നേരത്തെ, പാക് സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം കുറ്റവാളികളിൽനിന്ന് പത്തു ലക്ഷം പാകിസ്താൻ രൂപ(ഏകദേശം 4,10,397 രൂപ) സർക്കാർ പിഴയായി പിടിച്ചെടുത്തിരുന്നു. കോടതി ഉത്തരവുപ്രകാരം ക്ഷേത്രം പുനർനിർമിക്കുകയും ചെയ്തു. സംഭവം രാജ്യത്തിന് നാണക്കേടായെന്ന് അന്നത്തെ പാക് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഗുൽസാർ അഹ്മദ് വ്യക്തമാക്കി. ആക്രമണത്തിൽ ഇടപെടാതെ പൊലീസ് നോക്കിനിന്നതിനെയും ചീഫ് ജസ്റ്റിസ് വിമർശിച്ചു. ആക്രമണത്തിനെതിരെ പാക് പാർലമെന്റ് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.