തിരുവനന്തപുരം: നെടുമങ്ങാടുള്ള ഫ്ലാറ്റിൽ യുവാവും യുവതിയും മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. ആനാട് സ്വദേശികളായ ബിന്ദു (29), അഭിലാഷ് (38) എന്നിവരാണ് മരിച്ചത്. ആനാട് കാർഷിക വികസന ബാങ്കിനു എതിർവശത്തായാണ് ഫ്ലാറ്റ്.
വ്യാഴാഴ്ച വൈകീട്ടോടെയാണ് ദാരുണമായ സംഭവമുണ്ടായത്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ബിന്ദു മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വിദേശത്തായിരുന്ന അഭിലാഷ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. വിവാഹമോചനം നേടിയശേഷമാണ് ബിന്ദു അഭിലാഷിനൊപ്പം താമസം ആരംഭിച്ചത്. അഭിലാഷ് അവിവാഹിതനാണ്. ആദ്യവിവാഹത്തിൽ ബിന്ദുവിന് ആറര വയസ്സുള്ള മകളുണ്ട്. സംഭവസമയത്ത് മകൾ പുറത്തേയ്ക്ക് ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഫ്‌ളാറ്റിന് പുറത്തേക്കോടിയ കുട്ടിയാണ് തീപിടത്തത്തിന്റെ കാര്യം മറ്റുള്ളവരെ അറിയിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.