തൃശൂർ: മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി നൽകിയ ഥാർ വാഹനം വീണ്ടും ലേലം ചെയ്യും. ദേവസ്വം കമ്മീഷണറുടെ ഉത്തരവിനെ തുടർന്നാണ് തീരുമാനം.
ഥാർ പുനർലേലം ചെയ്യുന്ന തീയതി പത്രമാധ്യമങ്ങൾ വഴി പൊതു ജനങ്ങളെ അറിയിക്കുമെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ ലേലം പിടിച്ചത് എറണാകുളം സ്വദേശിയായ അമൽ മുഹമ്മദ് ആയിരുന്നു. എന്നാൽ ഒരാൾ മാത്രമായി ലേലം പൂർത്തിയാക്കാൻ കഴിയില്ലെന്ന പരാതിയിലാണ് ഇപ്പോഴത്തെ നടപടി.
ലിമിറ്റഡ് എഡിഷൻ ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂർ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോൾ പതിനായിരം രൂപ അമലിന്റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാൻ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു.
ഇതിനു പിന്നാലെ ലേലത്തിനെതിരെ ഹിന്ദു സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതോടെ ഥാർ ലേലം നിയമപോരാട്ടത്തിലെത്തി. ഇരുകൂട്ടരേയും കേട്ട ശേഷമാണ് വീണ്ടും ലേലം ചെയ്യാനുള്ള തീരുമാനം ഭരണ സമിതിയെടുത്തത്.
2021 ഡിസംബർ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂർ ക്ഷേത്രത്തിലേക്കു കാണിക്കയായി നൽകിയതാണ് കാർ. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണു ക്ഷേത്രത്തിലേക്കു നൽകിയത്.