ന്യൂഡല്‍ഹി: താജ്മഹലിന്റെ മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് .
ബിജെപിയുടെ അയോധ്യ മീഡിയ ഇന്‍ചാര്‍ജ് ഡോ. രജനീഷ് സിംഗ് ആണ് താജ്മഹലിലെ 22 മുറികളില്‍ 20 എണ്ണം തുറക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 7 ന് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വിഷയത്തില്‍ ഹൈക്കോടതി ഹരജിക്കാരനെ ശക്തമായി ശാസിച്ചു. ഹര്‍ജിക്കാരന്‍ പൊതുതാല്‍പര്യ ഹര്‍ജികള്‍ ദുരുപയോഗം ചെയ്യരുതെന്ന് ജസ്റ്റിസ് ഡികെ ഉപാധ്യായ പറഞ്ഞു. ഈ മുറികളില്‍ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അടച്ചിട്ടിരിക്കുന്ന ഈ മുറികള്‍ തുറന്ന് അതിന്റെ രഹസ്യം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
കോടതി ഹരജി ആദ്യം പരിഗണിക്കാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് വാദം കേള്‍ക്കാന്‍ തയ്യാറാകുകയായിരുന്നു. താജ്മഹലിന്റെ ചരിത്രം റൂള്‍ 226 പ്രകാരം പഠിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല.
‘ ആദ്യം താജ്മഹല്‍ പണിതത് ആരാണെന്ന് പോയി അന്വേഷിക്കൂ. ഒരു സര്‍വ്വകലാശാലയില്‍ പോകുക, അവിടെ താജ്മഹലില്‍ പിഎച്ച്‌ഡി ചെയ്യുക. എന്നിട്ട് കോടതിയില്‍ വരണം. താജ്മഹലിനെക്കുറിച്ച് ഗവേഷണം നടത്തുന്നതില്‍ നിന്ന് ആരെങ്കിലും ഞങ്ങളെ തടയുകയാണെങ്കില്‍, ഞങ്ങളുടെ അടുത്തേക്ക് വരൂ. നാളെ നിങ്ങള്‍ ഇവിടെ വന്ന് ജഡ്ജിമാരുടെ ചേംബറില്‍ പോകണമെന്നും നിങ്ങള്‍ പറയും’ – കോടതി ഹരജിക്കാരനോട് പറഞ്ഞു.