തൊടുപുഴ: മൂന്നരവയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ അമ്മയുടെ സുഹൃത്തിന് 21 വര്‍ഷം തടവു ശിക്ഷ. തിരുവനന്തപുരം കവടിയാര്‍ കടവട്ടൂര്‍ കാസിലില്‍ അരുണ്‍ ആനന്ദിന് ആണ് 21 വര്‍ഷം തടവു ശിക്ഷ ലഭിച്ചത്.
വിവിധ വകുപ്പുകളിലായി ആണ് 21 വര്‍ഷത്തെ തടവുശിക്ഷ. ശിക്ഷ 15 വര്‍ഷം കൊണ്ട് അനുഭവിച്ചാല്‍ മതി. 3.81 ലക്ഷം രൂപ പിഴയും തൊടുപുഴ പോക്സോ കോടതി വിധിച്ചിട്ടുണ്ട്. പ്രതി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കുട്ടിയുടെ അമ്മയും മുത്തശ്ശിയുമടക്കം 17 പ്രോസിക്യൂഷന് സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. 22 പ്രോസിക്യൂഷന് രേഖകളും പരിശോധിച്ചു. കുട്ടിയെ വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയും നിര്‍ണായകമായി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി.വാഹിദയാണ് ഹാജരായത്.
കുട്ടിയുടെ മൂത്തസഹോദരനെ മര്‍ദിച്ചുകൊന്നെന്ന കേസിലും വിചാരണ നേരിടുന്ന ഇയാള്‍ നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്. 2019ലായിരുന്നു സംഭവം. കുട്ടികളുടെ പിതാവിന്റെ മരണശേഷം അരുണ്‍ ആനന്ദ് ഇവരുടെ അമ്മയ്ക്കൊപ്പം താമസിച്ചുവരുകയായിരുന്നു. ഇതിനിടയില്‍, മാര്‍ച്ച് 28ന് മൂത്തകുട്ടിയെ തലയോട്ടി തകര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുവയസ്സുകാരനായ ഇളയകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നും കണ്ടെത്തിയത്.തുടര്‍ന്ന് പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ഇതിനിടെ, പരിക്കേറ്റ മൂത്ത കുട്ടി ഏപ്രില്‍ ആറിന് ചികിത്സയിലിരിക്കെ മരിച്ചു.
ഇളയകുട്ടിയെ ദേഹോപദ്രവം ഏല്പിച്ചതിനും ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമത്തിനും ബാലപീഡനത്തിനും മറ്റുമാണ് കേസെടുത്തിരുന്നത്. ഇതെല്ലാം സംശയത്തിനതീതമായി തെളിഞ്ഞതായി പോക്സോ കോടതി ജഡ്ജി നിക്സണ് എം.ജോസഫ് ചൂണ്ടിക്കാട്ടി.