തളിപ്പറമ്പ്: കരിമ്പം ഫാമിലെ ജൈവ വിത്തുൽപാദന കേന്ദ്രത്തിൽ മഴക്കാല പച്ചക്കറി കൃഷിക്കുള്ള വിത്തുകളുടെ ഉൽപാദനം തുടങ്ങി. സംസ്ഥാന സർക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പച്ചക്കറി വിത്തുകളും തൈകളും കരിമ്പം ഫാമിൽനിന്നാണ് വിതരണം ചെയ്യുന്നത്.
റെക്കോഡ് ജൈവ പച്ചക്കറി വിത്തുൽപാദനം ലക്ഷ്യമിട്ടാണ് കരിമ്പം ജില്ല കൃഷിഫാമിലെ ജൈവ വിത്തുൽപാദന പ്ലോട്ടിൽ മഴക്കാല പച്ചക്കറി കൃഷിക്കുള്ള വിത്തുകളുടെ ഉൽപാദനം തുടങ്ങിയത്. സംസ്ഥാന ഹോൾട്ടികൾച്ചറൽ മിഷനുമായി സഹകരിച്ച് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കർഷകർക്ക് ജൈവ വിത്തുകൾ ലഭ്യമാക്കാൻ എല്ലാ വർഷവും ഫാമിൽ ജൈവ പച്ചക്കറി വിത്തുകൾ ഉൽപാദിപ്പിക്കാറുണ്ട്. ജൈവ കീടനാശിനികളും വളങ്ങളും കുറഞ്ഞ അളവിൽ മാത്രം രാസവളവും നൽകി ഉൽപാദിപ്പിക്കുന്ന വിത്തുകൾ ഉപയോഗിച്ച് കൃഷി നടത്തിയാൽ മികച്ച വിളവും ലാഭവും നേടാനാകുമെന്നതിനാൽ ഇവിടെ ഉൽപാദിപ്പിക്കുന്ന വിത്തിന് ആവശ്യക്കാരേറെയാണ്.
ഇത്തവണ സംസ്ഥാന സർക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്യാനുള്ള ചുമതലയും കരിമ്പം ഫാം ഏറ്റെടുത്തിട്ടുണ്ട്. പ്രീത ഇനത്തിലുളള പാവൽ, സി.ഒ പച്ച ചീര, അരുണ ചുവന്ന ചീര, കൗമുദി പടവലം, ലോല പയർ, അമ്പിളി മത്തൻ, കെ.യു ലോക്കൽ കുമ്പളം, സൽക്കീർത്തി ഇനത്തിൽപ്പെട്ട വെണ്ട ഉൾപ്പെടെ മികച്ച പ്രതിരോധ ശേഷിയുളള നാടൻ ഇനങ്ങളാണ് വിത്തുൽപാദനത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്.