മാവേലിക്കര: വന്യജീവികളുടെ നഖങ്ങളും ചന്ദനമര കഷണങ്ങളുമായി യുവാവിനെ പിടികൂടി. മാവേലിക്കര ചെറുകുന്നം ചെമ്പള്ളി വീട്ടിൽ വിഷ്ണുവാണ് (27) പിടിയിലായത്. ഇയാൾ ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപനയും നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ബിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
കണ്ടെത്തിയ നഖങ്ങളും തോലും പുലിയുടേതാണെന്നും ഇവ ചെങ്ങന്നൂർ ബസ് സ്റ്റാൻഡിന്റെ പരിസരത്തുനിന്ന് വാങ്ങിയതാണെന്നും വിഷ്ണു എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ, കരികുളം സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എസ്. സുധീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇവ പുലിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. എന്നാൽ, വന്യജീവികളുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിശദ പരിശോധനക്ക് ഇവ തിരുവനന്തപുരത്തെ ലാബിൽ അയക്കുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതിയെ വ്യാഴാഴ്ച റാന്നി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സിവിൽ എക്സൈസ് ഓഫിസർമാരായ പി.യു. ഷിബു, പ്രവീൺ, എസ്.കെ. അശ്വിൻ, പ്രതീഷ് പി. നായർ, വിഷ്ണുദാസ്, സനൽ സിബിരാജ്, ആർ. രണദിവെ, വനിത സിവിൽ എക്സൈസ് ഓഫിസർ സുലേഖ, എക്സൈസ് ഡ്രൈവർ ജ്യോതിഷ് എന്നിവരും റാന്നി ഫോറസ്റ്റ് റേഞ്ചിലെ കരികുളം സ്റ്റേഷൻ ബി.എഫ്.ഒ അനീഷ് കുമാർ, ഡബ്ല്യൂ.ബി.എഫ്.ഒ പി. ദേവിക, പി.ആർ. സജി എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.