കണ്ണൂർ: ജില്ലയിൽ കുട്ടികളിലെ വാക്സിൻ വിതരണം സംസ്ഥാന ശരാശരിയിലും കുറവ്. പന്ത്രണ്ട് മുതൽ പതിനാല് വയസ്സുവരെയുള്ള കുട്ടികളിലെ കോവിഡ് വാക്സിൻ വിതരണം ത്വരിതപ്പെടുത്താൻ ജില്ല കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിൽ തീരുമാനിച്ചു. വാക്സിൻ വിതരണം സംബന്ധിച്ച പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. നിലവിൽ ജില്ലയിൽ 12 നും 14 നുമിടയിലുള്ള കുട്ടികളിൽ ആദ്യ ഡോസ് 25.44 ശതമാനം പേരും രണ്ടാമത്തെ ഡോസ് 6.44 ശതമാനം പേരുമാണ് സ്വീകരിച്ചത്. സംസ്ഥാന ശരാശരിയിലും തുലോം കുറവായതിനാൽ ഈ വിടവ് അടിയന്തരമായി പരിഹരിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഇതിന് വിവിധ വകുപ്പുകളുടെ കൂട്ടായ സഹായം തേടും. 12 നും 14 നുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് കോർബി വാക്സിനാണ് നൽകുന്നത്. ഒരു കുപ്പിയിൽ ചുരുങ്ങിയത് 20 പേർക്കുള്ള വാക്സിൻ ഉള്ളതിനാൽ ഇരുപത് പേരടങ്ങിയ കുട്ടികളുടെ സംഘത്തിന് വാക്സിൻ നൽകുന്നതാണ് സൗകര്യപ്രദമെന്ന് ആരോഗ്യ വകുപ്പുദ്യോഗസ്ഥർ വ്യക്തമാക്കി.
വാക്സിൻ എടുക്കാത്ത കുട്ടികൾ അതത് മേഖലകളിലെ ആരോഗ്യ സ്ഥാപനങ്ങൾ വഴി അധ്യയന വർഷാരംഭത്തിന് മുമ്പ് വാക്സിൻ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. സ്കൂൾ തുറക്കുന്നതിന് മുമ്പ് മുഴുവൻ കുട്ടികൾക്കും വാക്സിൻ ലഭ്യമാക്കാൻ ഡി.ഡി എജുക്കേഷൻ വഴി അതത് സ്കൂൾ മേധാവികൾക്ക് നിർദേശം നൽകാനും യോഗത്തിൽ തീരുമാനമായി. സ്കൂളുകളിൽ വാക്സിൻ ക്യാമ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തും. ട്രൈബൽ മേഖലയിൽ സ്പെഷൽ ഡ്രൈവ് നടത്താനും തീരുമാനിച്ചു.