കൽപറ്റ: നഗരത്തിലൂടെയുള്ള ദേശീയപാതയോരത്തെ നടപ്പാത നിർമാണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചുള്ള സമരപരിപാടികൾ ശക്തമാക്കാൻ നഗരസഭ തീരുമാനം. കൽപറ്റ നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ കൗൺസിലർമാർ മേയ് 18ന് രാവിലെ 10 ന് കോഴിക്കോട് ദേശീയപാത സൂപ്രണ്ടിങ് എൻജിനീയറുടെ ഓഫിസിന് മുന്നിൽ ധർണ നടത്തുമെന്ന് ചെയർമാൻ കേയംതൊടി മുജീബ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2018 ൽ നടപ്പാതയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നു. അഞ്ച് കരാറുകാരാണ് നിർമാണം ഏറ്റെടുത്തത്.
രണ്ടുപേർ ഏറ്റെടുത്ത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കി. രണ്ടു കരാറുകാരുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു കരാറുകാരൻ ടെൻഡർ നടപടികൾ പൂർത്തിയാക്കിയെങ്കിലും നാല് വർഷമായിട്ടും നടപ്പാത നിർമാണം ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. കരാറുകാരനും ദേശീയപാത ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ബന്ധവും ഒത്തുകളിയുമാണ് നീളാൻ കാരണമെന്ന് ഇവർ ആരോപിച്ചു.
ജില്ല ആസ്ഥാനമായ കൽപറ്റ നഗരത്തിലൂടെയുള്ള ദേശീയപാതയോരത്തെ നടപ്പാത നിർമാണം നീട്ടിക്കൊണ്ടുപോയി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിലും നിർമാണത്തിലെ അപാകതകളും പോരായ്മകളും ചൂണ്ടിക്കാട്ടിയും നിരവധി തവണ വകുപ്പ് മന്ത്രിക്കും ദേശീയപാത ഉന്നതാധികാരികൾക്കും നഗരസഭ പരാതി നൽകിയിരുന്നു. കരാറുകാരനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതുവരെ പ്രശ്നത്തിന് പരിഹാരമായില്ല.