തിരുവനന്തപുരം: കേരളവികസനത്തിൽ വൻ കുതിപ്പ് അവകാശപ്പെട്ടാണ് രണ്ടാം പിണറായി സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുന്നത്. പ്രളയവും കൊവിഡും തീർത്ത പ്രതിസന്ധികൾ മറികടന്ന് സമാനതകളില്ലാത്ത വികസനം കൈവരിക്കാനായെന്നാണ് സര്‍ക്കാരിന്‍റെ അവകാശ വാദം. പക്ഷെ ക്രമസമാധാന രംഗത്തെ തകര്‍ച്ചയും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും കേരളത്തിന്‍റെ നിറം കെടുത്തിയെന്ന് പ്രതിപക്ഷം തിരിച്ചടിക്കുന്നു. ലൈഫ് പദ്ധതി ആറ് വര്‍ഷം പിന്നിടുന്പോഴും സംസ്ഥാനത്ത് ആറ് ലക്ഷത്തോളം മനുഷ്യര്‍ ഭവന രഹിതരാണെന്ന കണക്കുകളും പുറത്തുവരികയാണ്.
ചരിത്രം സൃഷ്ടിച്ച തുടര്‍വിജയത്തിന്‍റെ തിളക്കവുമായി അധികാരത്തിലെത്തിയ രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യ വര്‍ഷം പിന്നിടുന്നത് കാര്യമായ വെല്ലുവിളികളില്ലാതെ. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ വര്‍ഷവുമായി താരതമ്യം ചെയ്യുന്പോള്‍ മന്ത്രിമാരുടെ രാജിയോ സര്‍ക്കാരിനെ പിടിച്ചുലച്ച വന്‍ വിവാദങ്ങളോ ഇല്ല. ക്യാപ്റ്റനു കീഴില്‍ ഒത്തൊരുമയോടെ നില്‍ക്കുന്ന മന്ത്രിസഭയും സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്ന പാര്‍ട്ടിയും. നൂറുദിന കര്‍മ പദ്ധതി പ്രഖ്യാപിച്ച് തുടര്‍ഭരണത്തിന് തുടക്കമിട്ട സര്‍ക്കാര്‍ ഒന്നാം വാര്‍ഷിക വേളയില്‍ അവതരിപ്പിക്കുന്നത് വികസന നേട്ടങ്ങളുടെ വന്‍ പട്ടിക.