കൊളംബോ: ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെ ഈയാഴ്ച നിയോഗിക്കുമെന്ന് പ്രസിഡന്‍റ് ഗോത്തബയ രജപക്സെ. പുതിയ മന്ത്രിസഭയും ഉടൻ നിലവിൽവരും. ഭരണഘടനാ ഭേദഗതിയിലൂടെ പാർലമെന്‍റിനെ ശക്തിപ്പെടുത്തുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഗോട്ടബയ പറഞ്ഞു.
പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം പ്രസിഡന്‍റിനു കൂടുതൽ അധികാരം നൽകുന്ന രീതി നിർത്തലാക്കുന്നതിനുള്ള വഴികൾ തേടും. രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള കർമപരിപാടികൾ തയാറാക്കാൻ പുതിയ പ്രധാനമന്ത്രിക്ക് അധികാരം നൽകുമെന്നും ഗോട്ടബയ വ്യക്തമാക്കി.
വൈകിട്ട് പ്രധാന രാഷ്ട്രീയ കക്ഷി നേതാക്കളുമായി ഗോട്ടബയ ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു.
അതിനിടെ കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തിനും പൊലീസിനും പ്രസിഡന്റ് കൂടുതല്‍ അധികാരങ്ങൾ നല്‍കി. പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ വെടിവയ്ക്കാനാണ് ഉത്തരവ്. ഇതോടെ കവചിത വാഹനങ്ങളും ടാങ്കുകളും കൊളംബോയിലെ നിരത്തുകളില്‍ നിറഞ്ഞു. പിന്നാലെ പ്രതിഷേധക്കാര്‍ താല്‍ക്കാലികമായി പിന്‍വാങ്ങി. സൈന്യത്തെ ഉപയോഗിച്ചു പ്രക്ഷോഭകരെ അടിച്ചമര്‍ത്താനുള്ള നീക്കത്തെ അമേരിക്ക ശക്തമായി അപലപിച്ചു.