ലഖ്‌നൗ: സംസ്ഥാന പൊലീസ് മേധാവി മുകുൾ ഗോയലിനെ സ്ഥാനത്തുനിന്നു നീക്കി ഉത്തർപ്രദേശ് സര്‍ക്കാര്‍. ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കുന്നില്ലെന്നും ജോലിയിൽ വേണ്ട താൽപര്യം കാണിക്കുന്നില്ലെന്നും കാണിച്ചാണ് ഇപ്പോൾ യു.പി ഭരണകൂടത്തിന്റെ നടപടി.
ഉത്തർപ്രദേശ് കാഡറിലെ 1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ മുകുൾ ഗോയൽ 2021 ജൂലൈയിലാണ് യു.പി ഡി.ജി.പിയായി നിയമിതനായത്. ഗോയലിനെതിരെ സർക്കാർ ഉത്തരവുകൾ അംഗീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. സിവിൽ ഡിഫൻസ് വകുപ്പ് ഡയരക്ടർ ജനറൽ എന്ന അപ്രധാന പദവിയിലേക്കാണ് ഗോയലിനെ മാറ്റിയിരിക്കുന്നത്.
ഹിതേഷ് ചന്ദ്ര അവാസ്തി വിരമിച്ച ഒഴിവിലായിരുന്നു മുകുൾ ഗോയലിന്റെ സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതല യോഗി സർക്കാർ ഏൽപിച്ചത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ തടയുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നായിരുന്നു ഗോയലിന്റെ നിയമനഘട്ടത്തിൽ യോഗി സർക്കാർ വ്യക്തമാക്കിയിരുന്നത്.