ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്‌സിൽ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മരിച്ച നെജിലയുടെ ഭർത്താവും സിവിൽ പൊലീസ് ഓഫീസറുമായ റെനീസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
ആലപ്പുഴയിലെ എ.ആർ ക്യാമ്പ് ക്വാർട്ടേഴ്സിൽ ഇന്നലെയാണ് റെനീസിന്‍റെ ഭാര്യ നജ്‍ലയെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മകൻ ടിപ്പു സുൽത്താനെ ശ്വാസം മുട്ടിച്ചും ഒന്നര വയസുകാരിയായ മകൾ മലാലയെ ബക്കറ്റിൽ മുക്കിയും കൊലപ്പെടുത്തിയ ശേഷം നജ്‍ല തൂങ്ങിമരിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവിന്റെ പീഡനം മൂലം നജ്‍ല ജീവനൊടുക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
റെനീസിന്‍റെ നിരന്തര മാനസിക ശാരിരീക പീഡനങ്ങളില്‍മനം നൊന്താണ് നജ് ല ആത്മഹത്യ ചെയ്തതെന്ന് സഹോദരി നഫ് ല പറഞ്ഞു. വീട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും നജ് ല ഒരു ഡയറിയിൽ എഴുതാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ ഡയറി കാണുന്നില്ലെന്നും റെനീസ് എടുത്ത് മാറ്റിയിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായും നഫ് ല പറഞ്ഞിരുന്നു.
പോസ്റ്റ് മോർട്ടത്തിന് ശേഷം നജ് ലയുടേയും മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരുടേയും മൃതദേഹങ്ങള്‍ വൈകിട്ട് കോട്ടപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കൊവിഡ് പരിശോധന ഫലം വൈകിയതിനാല്‍ ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ട്ം നടത്തിയത്.